Asianet News MalayalamAsianet News Malayalam

ടീം മോദി 2.0-യിൽ 58 മന്ത്രിമാർ: താക്കോൽ സ്ഥാനത്ത് അമിത് ഷായും, പുതുമുഖങ്ങൾ പൊതുവെ കുറവ്

പ്രധാനമന്ത്രിയായി ഇത് മോദിയുടെ രണ്ടാമൂഴം. ചരിത്ര മുഹൂർത്തത്തിൽ എണ്ണായിരത്തോളം വരുന്ന കാണികളെയും ബിംസ്റ്റെക് ഉൾപ്പടെയുള്ള രാഷ്ട്രത്തലവൻമാരെയും സാക്ഷി നിർത്തി മോദി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൂടെ താക്കോൽ സ്ഥാനത്തേക്ക് അമിത് ഷായും. 

modi sworn in as prime minister for the second term amit shah also in cabinet
Author
New Delhi, First Published May 30, 2019, 7:34 PM IST

ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. 

58 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. അരുൺ ജയ്‍റ്റ്‍ലി, സുഷമാ സ്വരാജ്, മനേക ഗാന്ധി എന്നിവരുൾപ്പടെയുള്ള പലരെയും ഒഴിവാക്കിയാണ് പുതിയ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 25 പേർക്കാണ് ഇത്തവണ കാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.

ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2014-ലെന്ന പോലെ, വീണ്ടുമൊരിക്കൽ രാഷ്ട്രപതിഭവന്‍റെ മുറ്റത്ത്, 'നരേന്ദ്രദാമോദർ ദാസ് മോദി എന്ന ഞാൻ' എന്ന സത്യപ്രതിജ്ഞാ വാചകം രാഷ്ട്രപതിയിൽ നിന്ന് മോദി ഏറ്റുചൊല്ലുമ്പോൾ, എന്താകും രണ്ടാമൂഴത്തിൽ കാത്തിരിക്കേണ്ടതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വൻ ആരവങ്ങളാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയപ്പോഴും സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കാണികളിൽ നിന്ന് ഉയർന്നത്. 

മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രാജ്‍നാഥ് സിംഗാണ്. മൂന്നാമതായി അമിത് ഷാ എത്തിയപ്പോഴും വൻ ആരവങ്ങളും ആർപ്പുവിളികളുമുയർന്നു.

modi sworn in as prime minister for the second term amit shah also in cabinet

പിന്നീട് നിതിൻ ഗഡ്കരിയും, നിർമലാ സീതാരാമനും, രാംവിലാസ് പസ്വാനും, നരേന്ദ്രസിംഗ് തോമറും രവിശങ്കർ പ്രസാദും ഹർസിമ്രത് കൗർ ബാദലും തവർ ചന്ദ് ഗെഹ്‍ലോട്ടും സത്യപ്രതിജ്ഞ ചെയ്തു. 

മോദി 2.0 ടീം ഇങ്ങനെ ..

  • നരേന്ദ്രമോദി (പ്രധാനമന്ത്രി)
  • രാജ്‍നാഥ് സിംഗ്
  • അമിത് ഷാ
  • നിതിൻ ഗഡ്കരി
  • പി വി സദാനന്ദഗൗഡ
  • നിർമ്മല സീതാരാമൻ
  • രാം വിലാസ് പസ്വാൻ 
  • നരേന്ദ്ര സിംഗ് തോമർ
  • രവിശങ്കർ പ്രസാദ്
  • ഹര്‍സിമ്രത് കൗര്‍ ബാദല്‍
  • തവർ ചന്ദ് ഗെലോട്ട്
  • എസ് ജയശങ്കർ
  • രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • അർജുൻ മുണ്ട
  • സ്മൃതി ഇറാനി
  • ഹര്‍ഷവര്‍ദ്ധൻ 
  • പ്രകാശ് ജാവദേക്കര്‍
  • പീയുഷ് ഗോയല്‍
  • ധര്‍മേന്ദ്ര പ്രധാന്‍
  • പ്രഹ്ളാദ് ജോഷി
  • മഹേന്ദ്ര നാഥ് പാണ്ഡെ
  • എ ജി സാവന്ത്
  • ഗിരിരാജ് സിംഗ്
  • ഗജേന്ദ്ര സിംഗ് ഷെഖാവത്
  • സന്തോഷ് കുമാർ ഗാംഗ്‍വർ
  • റാവു ഇന്ദർജീത് സിംഗ്
  • ശ്രീപദ് നായിക്
  • ജിതേന്ദ്ര സിംഗ്
  • മുക്താർ അബ്ബാസ് നഖ്‍വി
  • പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • മഹേന്ദ്രനാഥ് പാണ്ഡെ
  • എ ജി സാവന്ത്
  • കിരൺ റിജ്ജു
  • പ്രഹ്ളാദ് സിംഗ് പട്ടേൽ
  • രാജ് കുമാർ സിംഗ്
  • ഹർദീപ് സിംഗ് പുരി
  • മൻസുഖ് എൽ മാണ്ഡവ്യ
  • ഫഗ്ഗൻസിംഗ് കുലസ്‍തെ
  • അശ്വിനി കുമാർ ചൗബെ
  • അർജുൻ റാം മേഘ്‍വാൾ
  • വി കെ സിംഗ്
  • കൃഷൻ പാൽ ഗുർജർ
  • ദാൻവെ റാവു സാഹെബ് ദാദാറാവു
  • ജി കിഷൻ റെഡ്ഡി
  • പുരുഷോത്തം രുപാല
  • രാംദാസ് അഠാവ്‍ലെ
  • നിരഞ്ജൻ ജ്യോതി
  • ബബുൽ സുപ്രിയോ
  • സഞ്ജീവ് കുമാർ ബല്യാൻ
  • ധോത്രെ സഞ്ജയ് ശാംറാവു
  • അനുരാഗ് സിംഗ് ഠാക്കൂർ
  • അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)ർ
  • നിത്യാനന്ദ് റായി
  • രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • വി മുരളീധരൻ
  • രേണുക സിംഗ്
  • സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • പ്രതാപ് ചന്ദ്ര സാരംഗി 
  • കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)

ലോകനേതാക്കൾ സാക്ഷി!

രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള ലോകരാഷ്ട്രത്തലവൻമാരെത്തിയിരുന്നു. മറ്റൊരു പരിപാടിയിലായതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എത്തിയില്ല. പകരം ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദാണ് ചടങ്ങിന് സാക്ഷിയായത്. പാകിസ്ഥാനെ മാറ്റി നിർത്തി, മറ്റെല്ലാ അയൽ രാജ്യങ്ങളെയും മോദി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരുന്നു. 

പാകിസ്ഥാനൊഴികെ ബംഗാൾ ഉൾക്കടലിന്‍റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഓഫ് മൾട്ടി സെക്ടറൽ, ടെക്നിക്കൽ ആന്‍റ് എക്കണോമിക് കോഓപ്പറേഷൻ). ഇതിൽ അംഗങ്ങളായ ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മ്യാൻമർ പ്രസിഡന്‍റ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. തായ്‍ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാച് ചടങ്ങിൽ പങ്കെടുത്തു. 

modi sworn in as prime minister for the second term amit shah also in cabinet

ബിംസ്റ്റെക് രാജ്യങ്ങൾക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‍നാത്, കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൻബേ ജീൻബെകോവ് എന്നിവരും ചടങ്ങിനെത്തി. 

രാഷ്ട്രപതി ഭവന്‍റെ മുന്നിലെ വിശാലമായ മുറ്റത്താണ് ചടങ്ങുകൾക്കുള്ള പ്രത്യേക വേദി ഒരുക്കിയത്. ഇവിടെ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാധാരണ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താറ്. 

modi sworn in as prime minister for the second term amit shah also in cabinet

പക്ഷേ ഇത്തവണ എത്തുന്ന അതിഥികളുടെ എണ്ണം അടക്കം കണക്കിലെടുത്താണ് ചടങ്ങ് രാഷ്ട്രപതിഭവന്‍റെ മുൻഭാഗത്തേക്ക് മാറ്റിയത്. 8500-ലധികം പേരാണ് ചടങ്ങിനെത്തിയത്. സിനിമാതാരങ്ങളും, അംബാനിയും അദാനിയും അടക്കമുള്ള ബിസിനസ് പ്രമുഖരും അടക്കം രാജ്യത്തെ മുൻനിര വ്യക്തിത്വങ്ങളുടെ നീണ്ട നിരയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തി. 2014-ൽ ഏതാണ്ട് അയ്യായിരം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.

modi sworn in as prime minister for the second term amit shah also in cabinet

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്ക്

ആദ്യം സംഘടനാതലത്തിൽ ചാണക്യസൂത്രങ്ങളുമായി പാർട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീട് തീർത്തും നാടകീയമായി അവസാനനിമിഷം അമിത് മന്ത്രിസഭയിലെത്തുമെന്നുറപ്പാവുകയായിരുന്നു. മന്ത്രിസഭയിലെ കരുത്തനായി, പ്രതിരോധമോ, ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നാണ് സൂചന.

modi sworn in as prime minister for the second term amit shah also in cabinet

മഹാരാഷ്ട്ര, ദില്ലി, ഹരിയാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അമിത് ഷായുടെ സാരഥ്യവും ആവശ്യമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ അരുൺ ജയ‍്‍റ്റ്‍ലി പിൻമാറിയ സാഹചര്യത്തിൽ താക്കോൽ സ്ഥാനത്തേക്ക് തന്നെ ഷാ എത്തുകയായിരുന്നു.

ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജിതു വഗാനി ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. തീർത്തും സ്വകാര്യമായാണ് മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടിക ഇത്തവണ തയ്യാറാക്കി അന്തിമമായി അംഗീകരിച്ചത്.

കേരളത്തിനും പ്രാതിനിധ്യം

ഉച്ചയോടെയാണ് വി മുരളീധരന് മന്ത്രിസ്ഥാനമുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. മന്ത്രിസ്ഥാനം വേണമെങ്കിൽ രാജ്യസഭയിലിപ്പോഴുള്ള അംഗങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന സൂചനയാണ് രാവിലെ മുതൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ മൂന്ന് പേരാണ് ബിജെപിയിൽ നിന്ന് രാജ്യസഭയിലുള്ളത്. സുരേഷ് ഗോപി നോമിനേറ്റഡ് അംഗമാണ്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുമ്പ് കേന്ദ്രമന്ത്രിസഭയിലെ ടൂറിസം സഹമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമാണ് വി മുരളീധരൻ. ചർച്ചകൾക്കൊടുവിൽ വി മുരളീധരന് നറുക്ക് വീഴുകയായിരുന്നു. 

സംഘടനാതലത്തിൽ താഴേത്തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവെന്ന നിലയിലാണ് മുരളീധരനെ തെരഞ്ഞെടുത്തതെന്നാണ് സൂചന. ആന്ധ്രാ പ്രദേശിന്‍റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവാണ് വി മുരളീധരൻ.

2014-ൽ എത്തിയത് ആരൊക്കെ?

2014-ൽ ആദ്യം പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ എല്ലാ സാർക് നേതാക്കളെയും നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെക്കൂടി ക്ഷണിച്ച മോദിയുടെ അന്നത്തെ നടപടി നയതന്ത്രരംഗത്തെ വലിയ ചുവടുവയ്പായാണ് കണക്കാക്കപ്പെട്ടിരുന്നത്. 

പിന്നീട് നവാസ് ഷെരീഫിന്‍റെ മകളുടെ വിവാഹത്തിൽപ്പോലും പങ്കെടുക്കാൻ മോദി എത്തി. എന്നാൽ അന്നത്തെ സ്ഥിതിയല്ല ഇന്ന്. പിന്നീട് ഇന്ത്യ - പാക് നയതന്ത്രബന്ധം തീരെ വഷളായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുൽവാമയിൽ ഭീകരാക്രമണം നടന്നതും ഇന്ത്യ ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയതും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത കൂട്ടി. ഇരുരാജ്യങ്ങളും പരസ്പരം പഴി ചാരി. 

ഇത്തവണ പാകിസ്ഥാനെ ഒഴിവാക്കി ബിംസ്റ്റെക് നേതാക്കളെ മാത്രം ക്ഷണിച്ചതിലൂടെ പാകിസ്ഥാന് ഇന്ത്യ കൃത്യമായ സന്ദേശം നൽകുകയാണ്. ഭീകരത അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന സന്ദേശം. 

Follow Us:
Download App:
  • android
  • ios