മതവിശ്വാസികളുടെ ജീവല്‍ പ്രശ്നങ്ങള്‍ ബിജെപിക്ക് ഒരു വിഷയമല്ല. ഇത്തരം വിഷയങ്ങളുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാന്‍ മാത്രമാണ് ബിജെപി ശ്രമിക്കുന്നത്.

തിരുവനന്തപുരം: മതവിശ്വാസികളുടെ ജീവല്‍ പ്രശ്നങ്ങളെ മറന്ന് വര്‍ഗീയത ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. തൊഴിലില്ലായ്മ, പെട്രോള്‍ വില, വിലക്കയറ്റം പോലുള്ള പ്രശ്നങ്ങളൊന്നും ബിജെപിക്ക് ചര്‍ച്ച ചെയ്യാനില്ല. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് റിയാസിന്റെ പ്രതികരണം. 

കോഴിക്കോട് ശബരിമലയെക്കുറിച്ച് പറയാത്ത ബിജെപി മംഗലാപുരത്ത് അത് പറയുന്നതില്‍ ഗൂഡലക്ഷ്യങ്ങളുണ്ട്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്ത് വരുന്നത്. ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പുലര്‍ത്തുന്ന കവല പ്രസംഗത്തിലെ മാന്യത പോലും പ്രധാനമന്ത്രി പാലിക്കുന്നില്ല. കേരളത്തിലെ പ്രശ്നം തെറ്റായിയാണ് മോദി മംഗലാപുരത്തും ബെംഗളൂരുവിലും ഉപയോഗിക്കുന്നത്. പാവപ്പെട്ട മതവിശ്വാസികളെ വഴിതെറ്റിക്കാനാണ് മോദി ശ്രമിക്കുന്നത്. 

മതവിശ്വാസികളുടെ ജീവല്‍ പ്രശ്നങ്ങള്‍ ബിജെപിക്ക് ഒരു വിഷയമല്ല. ഇത്തരം വിഷയങ്ങളുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാന്‍ മാത്രമാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിലെ ഒരു പ്രശ്നം കേരളത്തില്‍ പ്രസംഗിച്ചതില്‍ നിന്ന് വ്യത്യസ്തമായി പ്രസംഗിച്ച് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് മോദി ചെയ്യുന്നതെന്നും റിയാസ് ആരോപിച്ചു.