ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് കേന്ദ്രമന്ത്രിസഭാ യോഗം ചേരും. പുതിയ സർക്കാരിന്‍റെ ആദ്യത്തെ നൂറ് ദിവസത്തെ അജണ്ട രൂപീകരിക്കാൻ ഫലപ്രഖ്യാപനത്തിന് മുമ്പേ മോദി നിർദേശം നൽകിയിരുന്നു.
ദില്ലി: വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവനിൽ വച്ചായിരിക്കും ചടങ്ങുകൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ദില്ലിയിൽ എത്തിച്ചേരാൻ ബിജെപി നിർദേശം നൽകിയിട്ടുണ്ട്. മികച്ച വിജയത്തിന് തൊട്ടു പിറ്റേന്ന് നരേന്ദ്രമോദിയും അമിത് ഷായും ദില്ലിയിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും കാണാനെത്തി.
നിങ്ങളെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ഈ രണ്ട് നേതാക്കളെയും സീറ്റ് നൽകാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു. അദ്വാനിയെ മാറ്റി ഗാന്ധി നഗറിൽ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തിൽപ്പരം വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജ.യിച്ച മണ്ഡലമാണ് ഗാന്ധി നഗർ. കാൻപൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീ മനോഹർ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.
കോൺഗ്രസിതര സർക്കാരുകളുടെ ചരിത്രത്തിലാദ്യമായി അഞ്ച് വർഷം പൂർത്തിയാക്കി രണ്ടാം വട്ടവും അധികാരത്തിലേറുന്ന ആദ്യത്തെ സർക്കാരാണ് നരേന്ദ്രമോദിയുടേത്. സ്വന്തം ഭൂരിപക്ഷം രണ്ടാം വട്ടം വർദ്ധിപ്പിച്ച് അധികാരത്തിലെത്തിയ സർക്കാരും നരേന്ദ്രമോദിയുടേത് തന്നെ.
സീറ്റ് നിഷേധിക്കപ്പെട്ട ശേഷം അദ്വാനി എഴുതിയ പല കുറിപ്പുകളിലും പ്രസ്താവനകളിലും ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പുകളുണ്ടായിരുന്നു, വിമർശകരെ ദേശദ്രോഹികളെന്ന് നമ്മൾ വിളിച്ചിട്ടില്ലെന്നും, ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് എന്നും ഓർമ വേണമെന്നും അദ്വാനി എഴുതിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച വാരാണസിയിൽ
പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം, മോദി ചൊവ്വാഴ്ച വാരാണസിയിലെത്തും. മികച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിച്ച വോട്ടർമാർക്ക് മോദി നന്ദി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന മോദി, ഗംഗാ ആരതിയും നടത്തും. 29-ന് തിരികെ ഗുജറാത്തിലെത്തുന്ന മോദി, ഗാന്ധി നഗറിലും ബിജെപി യോഗങ്ങളിൽ പങ്കെടുക്കും.
അമിത് ഷാ കേന്ദ്രമന്ത്രിസഭയിൽ?
കേന്ദ്രമന്ത്രിസഭയിൽ ഏറ്റവും നിർണായകമായ വകുപ്പ് തന്നെ അമിത് ഷായ്ക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അതല്ലെങ്കിൽ ഇപ്പോൾ സംഘടനാരംഗത്ത് അമിത് ഷാ തുടർന്ന്, പിന്നീട് മന്ത്രിസഭയിലേക്ക് എത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം അരുൺ ജയ്‍റ്റ്‍ലി പുതിയ മന്ത്രിസഭയിലുണ്ടായേക്കില്ലെന്നാണ് സൂചന. പകരം ധനമന്ത്രിയായി പിയൂഷ് ഗോയലിന്‍റെ പേരാണ് പറഞ്ഞു കേൾക്കുന്നത്. നിതിൻ ഗഡ്കരിയ്ക്ക് മികച്ച ഒരു വകുപ്പ് തന്നെ നൽകണമെന്നാണ് ആർഎസ്എസ്സിന്‍റെ ആവശ്യം. നല്ല ഭൂരിപക്ഷത്തിൽ ജയിച്ച ഗഡ്‍കരിക്ക് പ്രതിരോധമന്ത്രിപദം കിട്ടാൻ സാധ്യതയുണ്ടോ എന്നും കണ്ടറിയണം. സുഷമാ സ്വരാജിനും ഇത്തവണ മന്ത്രിസഭയിൽ അംഗത്വമുണ്ടാകും.
