ദില്ലി: കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കുള്ള പണം രാജ്യം വിട്ട ബിസിനസുക്കാരുടെ പോക്കറ്റിൽനിന്ന് ലഭിക്കുമെന്ന് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വൻകിട ബിസിനസുകാരായ വിജയ് മല്യ, നിരവ് മോദി, മെഹുൽ ചോക്സി എന്നിവരെ ചൂണ്ടിക്കാണിച്ചാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം.  

രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്. കോൺ​ഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ അഞ്ച് വർഷംകൊണ്ട് പാവപ്പെട്ട സ്ത്രീകളുടെ പേരിൽ 3.60 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കുമെന്ന് രാഹുൽ ​ഗാന്ധി വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, 15 ലക്ഷം നൽകുമെന്നത് നരേന്ദ്ര മോദിയുടെ പൊള്ളയായ വാ​ഗ്ദാനമാണെന്നും മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും  2014-ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൊടുത്ത വാക്കുകളൊന്നും മോദി പാലിച്ചില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.