തോമസ് ചാഴിക്കാടന്‍റെ സ്ഥാനാര്‍ത്ഥിത്വം എല്ലാ ഘടകങ്ങളിലും ആലോചിച്ചാണ് തീരുമാനിച്ചത്. ഒരു വണ്ടിയിൽ പോലും കയറാനാളില്ലാത്തവരാണ് വില കുറഞ്ഞ പ്രസ്താവനകളിറക്കുന്നതെന്നും മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.

കോട്ടയം: പി ജെ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വം അട്ടിമറിച്ചത് ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ചേർന്നാണെന്ന വി സി ചാണ്ടിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കേരളാ കോൺ എം ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ. വൈസ് ചെയർമാനെ അപകീർത്തിപ്പെടുത്തിയ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം വി സി ചാണ്ടിക്കെതിരെ നടപടിയെടുക്കണമെന്ന് മുഹമ്മദ് ഇക്ബാല്‍ ആവശ്യപ്പെട്ടു. 

തോമസ് ചാഴിക്കാടന്‍റെ സ്ഥാനാര്‍ത്ഥിത്വം എല്ലാ ഘടകങ്ങളിലും ആലോചിച്ചാണ് തീരുമാനിച്ചത്. ഒരു വണ്ടിയിൽ പോലും കയറാനാളില്ലാത്തവരാണ് വില കുറഞ്ഞ പ്രസ്താവനകളിറക്കുന്നതെന്നും മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. അപകീർത്തികരമായ പ്രസ്താവനയിലൂടെ പാർട്ടിയെ തടവറയിലാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാർട്ടിയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നും സിപിഎം സ്ഥാനാർത്ഥി വി എൻ വാസവനെ സഹായിക്കാനാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയതെന്നും വി സി ചാണ്ടി പറഞ്ഞിരുന്നു. പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളാ കോൺഗ്രസിനുള്ളിൽ നടക്കുന്നത്. വി സി ചാണ്ടിയ്ക്ക് സമാനമായി ജോസ് കെ മാണിയും കോട്ടയം എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവനുമായി രഹസ്യ കരാർ ഉണ്ടാക്കിയെന്ന് പി സി ജോർജും പറഞ്ഞിരുന്നു. 

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയ്ക്ക് വി എൻ വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. ആ രഹസ്യ കച്ചവടത്തിലൂടെ ജോസ് കെ മാണിയ്ക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിൽത്തന്നെയാണ് സ്ഥിരം തോൽവിക്കാരനായ തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന.