ലോക്സഭയിലേക്ക് മെയിൻപുരി സീറ്റിൽ നിന്ന് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ദില്ലി: അഖിലേഷ് യാദവിന്റെ പക്കൽ നിന്നും കടംവാങ്ങിയ രണ്ട് കോടിയിലേറെ രൂപ തിരികെ നൽകാനുണ്ടെന്ന് മുലായം സിങ് യാദവ്. നാമനിർദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന മുലയത്തിന് ഇക്കുറി മായാവതിയുടെ ബിഎസ്‌പി പിന്തുണക്കുന്നുണ്ട്.

തന്റെ മൊത്തം ആസ്തി 16.52 കോടിയാണെന്നാണ് അദ്ദേഹം നാമനിർദ്ദേശ പത്രികയിൽ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെളിപ്പെടുത്തിയ ആസ്തിയേക്കാൾ 3.20 കോടി കുറവാണ് ഇക്കുറി വെളിപ്പെടുത്തിയ ആസ്തി. ഈ രേഖയിലാണ് 2.13 കോടി രൂപ അഖിലേഷ് യാദവിന് തിരിച്ചുകൊടുക്കാനുണ്ടെന്ന് മുലായം വ്യക്തമാക്കിയിരിക്കുന്നത്.

ഐപിഎസ് ഓഫീസർ അമിതാഭ് താക്കൂറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 2015 സെപ്തംബർ 24 ന് ഹസ്രത്‌ഗഞ്ച് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് അദ്ദേഹത്തിനെതിരെ നിലവിലുള്ളത്. 

വർഷം 32.02 ലക്ഷം രൂപയുടെ വരുമാനമുണ്ടെന്നാണ് മുലായം വെളിപ്പെടുത്തിയത്. ഭാര്യ സാധ്നയ്ക്ക് 25.61 ലക്ഷം രൂപയാണ് വരുമാനം. സാധ്നയ്ക്ക് 5.06 കോടിയുടെ ആസ്തിയുണ്ട്.