ഗ്രൂപ്പ് യോഗത്തിനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ  മുല്ലപ്പള്ളിയെ രമേശ് ചെന്നിത്തല ബന്ധപ്പെട്ടതായാണ് വിവരം. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി അറിയുന്നുണ്ട്. 

കോഴിക്കോട്: വയനാട് സീറ്റ് ടി.സിദ്ധീഖിന് നല്‍കിയതില്‍ പ്രതിഷേധിച്ച് രഹസ്യയോഗം നടത്തിയ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അന്വേഷണം. അച്ചടക്കലംഘനത്തെ കുറിച്ചന്വേഷിക്കാന്‍ നാളെ കോഴിക്കോടെത്തുമെന്ന് കെ പി സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തു വന്നിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ചേര്‍ന്ന ഗ്രൂപ്പ് യോഗം കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മുല്ലപ്പള്ളി തന്നെ നേരിട്ട് അന്വേഷണം നടത്താനാണ് തീരുമാനം. അച്ചടക്കലംഘനം ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കാലമെന്ന് പോലും നോക്കാതെ നടപടിയെടുക്കുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്. 

അതേസമയം ഗ്രൂപ്പ് യോഗത്തിനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ മുല്ലപ്പള്ളിയെ രമേശ് ചെന്നിത്തല ബന്ധപ്പെട്ടതായാണ് വിവരം. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി അറിയുന്നുണ്ട്. ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം വിളിച്ചതെന്ന് ചില നേതാക്കള്‍ നേതൃത്വത്തോട് പറഞ്ഞതായും സൂചനയുണ്ട്. വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശമുന്നയിക്കാനുമാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യയോഗം നടന്നത്.