ബിജെപിയുമായി അടുത്ത ബന്ധം, മോദിയുടെ മാനസപുത്രനാണോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി എന്‍ കെ പ്രേമചന്ദ്രന്‍. ഇലക്ഷന്‍ എക്‍സ്പ്രസ് കൊല്ലം നിയോജകമണ്ഡലത്തില്‍...

കൊല്ലം: ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ തെര‌ഞ്ഞെടുപ്പ് പരിപാടിയായ ഇലക്ഷന്‍ എക്‍സ്പ്രസിലാണ് പ്രേമചന്ദ്രന്‍റെ പ്രതികരണം. 

ബിജെപിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് ഇടതുമുന്നണി ആരോപണം ഉന്നയിച്ചതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലൂടെ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്ന ഏക പാര്‍ട്ടി കേരളത്തിലെ സിപിഎം മാത്രമാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. 

ലോക്സഭയില്‍ അവതരിപ്പിച്ച 31 നിരാകണ പ്രമേയങ്ങളില്‍ 21 എണ്ണം അവതരിപ്പിച്ചത് യുഡിഎഫ് ആണ്. അതില്‍ മുത്തലാഖിനെതിരെ നിരാകണം കൊണ്ടുവന്നു. താന്‍ കൊണ്ടുവന്ന പ്രമേയത്തിലാണ് ഇടതുമുന്നണി എംപിമാര്‍ വോട്ട് ചെയ്തത്. എന്നാല്‍ എന്തുകൊണ്ട് ഇടതുമുന്നണി മുത്തലാഖിനെതിരെ പ്രമേയം കൊണ്ടുവന്നില്ലെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. 

1988 മുതല്‍ സിപിഎം ഉള്‍പ്പെട്ട മുന്നണിയുമായി ചേര്‍ന്ന് പഞ്ചായത്ത് തലം മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്ന് മുതല്‍ 2019 ല്‍ മുത്തലാഖ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത് വരെ താന്‍ സംഘിയല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് തന്നെ സംഘിയായി മുദ്രകുത്തുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. 

പ്രൊഡ്യൂസര്‍: ഷെറിന്‍ വില്‍സണ്‍

ക്യാമറ: ബിജു ചെറുകുന്നം

അവതരണം : കിഷോര്‍ കുമാര്‍