പ്രചാരണത്തിന് ആവശ്യത്തിന് സമയം ഉള്ളതുകൊണ്ട് ഇടതുമുന്നണി സ്ഥാനാർത്ഥികളെ നേരത്തേ ഇറക്കിയത് മുന്നണിക്ക് ക്ഷീണമുണ്ടാക്കില്ല. പത്തുദിവസത്തെ വ്യത്യാസം യുഡിഎഫിന് തിരിച്ചടിയാകില്ലെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
കൊല്ലം: കേരളത്തിൽ ഒറ്റ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നത് സ്വാഗതാർഹമാണെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ എംപി. ഒരു മാസം പ്രചാരണത്തിന് ലഭിക്കുന്നു എന്നത് സ്ഥാനാർത്ഥി എന്ന നിലയിൽ ആശ്വാസകരമായി കാണുന്നു. രാഷ്ട്രീയമായ ആശയസംവാദം നടത്താനും ജനങ്ങൾക്ക് ശരിതെറ്റുകൾ മനസിലാക്കാനും ജനങ്ങൾക്ക് മതിയായ സമയം കിട്ടും. സമചിത്തതയോടെ, സമയമെടുത്ത് തെരഞ്ഞെടുപ്പിനെ സമീപിക്കാനാകുമെന്നും എൻ കെ പ്രേമചന്ദ്രൻ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയം നേരത്തേ പൂർത്തിയാക്കിയത് എൽഡിഎഫിന് പ്രത്യേകമായി ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. നാളെ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിൽ തീരുമാനം ആയില്ലെങ്കിൽപ്പോലും ഈ മാസം പതിനഞ്ചോടെ യുഡിഎഫ് സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് പൂർണ്ണ രൂപമാകും. പ്രചാരണത്തിന് ആവശ്യത്തിന് സമയം ഉള്ളതുകൊണ്ട് ഇടതുമുന്നണി സ്ഥാനാർത്ഥികളെ നേരത്തേ ഇറക്കിയത് മുന്നണിക്ക് ക്ഷീണമുണ്ടാക്കില്ല. പത്തുദിവസത്തെ വ്യത്യാസം യുഡിഎഫിന് തിരിച്ചടിയാകില്ലെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
കോൺഗ്രസിന്‍റെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി നടക്കുന്നതേയുള്ളൂ. യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് കുറേയധികം പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസവും ഉണ്ടാവുക പതിവാണ്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതിന് ശേഷം യുഡിഎഫ് ഐക്യത്തോടെ മുന്നോട്ടുപോകും. തീഷ്ണമായ കാലാവസ്ഥയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന തടസം. അതേസമയം പ്രചാരണത്തിന് സമയം കൂടുതൽ കിട്ടിയതിന്‍റെ നേട്ടം യുഡിഎഫിനും എൽഡിഎഫിനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
