ക്ഷേത്രാചാരങ്ങളുടെ ഭാഗമായുള്ള തോറ്റം പാട്ടിനു പകരം റെക്കോർഡ് ചെയ്ത അയ്യപ്പ നാമജപം കേൾപ്പിച്ചതും,യോഗസ്ഥലത്തിനടുത്ത് ഉച്ചഭാഷണി വച്ചതും മനപൂവ്വമാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. 

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ഇന്നലെ ഇടതുമുന്നണിയുടെ പ്രചരണയോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം തുടങ്ങിയത്. സംഭവമെന്താണെന്ന് അന്വേഷിച്ചശേഷം മുഖ്യമന്ത്രി പ്രസംഗം തുടർന്നു.

ഇതോടെ വേദിയിലുണ്ടായിരുന്ന ഐ ബി സതീഷ് എംഎല്‍എയും വി ശിവൻ കുട്ടിയും അടക്കമുള്ള നേതാക്കള്‍ ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭാരവാഹികളോട് യോഗ സ്ഥലത്തിനടുത്തുള്ള ഉച്ചഭാഷിണി നിർത്തണം എന്നാവശ്യപ്പെട്ടു. ഇതിനിടെ ചില പ്രവര്‍ത്തകരെത്തി ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതബന്ധം വിഛേദിക്കുകയായിരുന്നു . ഇത് പകര്‍ത്താൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാൽ ക്ഷേത്രാചാരങ്ങളുടെ ഭാഗമായുള്ള തോറ്റം പാട്ടിനു പകരം റെക്കോർഡ് ചെയ്ത അയ്യപ്പ നാമജപം കേൾപ്പിച്ചതും,യോഗസ്ഥലത്തിനടുത്ത് ഉച്ചഭാഷണി വച്ചതും മനപ്പൂവ്വമാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. 

മുഖ്യമന്ത്രിയുടെ പരിപാടി തീരും വരെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുതെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത് . മൈക്ക് ഉപയോഗിക്കാൻ രണ്ട് കൂട്ടർക്കും പൊലീസ് അനുമതി നൽകിരുന്നു. ക്ഷേത്രം ഭാരവാഹികളും ഇടുതുമുന്നണിയും പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.