Asianet News MalayalamAsianet News Malayalam

വിവാദങ്ങളുയർത്തി 'നമോ ടിവി', പെരുമാറ്റച്ചട്ട ലംഘനമെന്ന് പ്രതിപക്ഷം, നടപടി എടുക്കില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ബിജെപി അനുകൂല പരിപാടികളും 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ചാനലാണ് നമോ ടി വി. എല്ലാ ഡിടിഎച്ച് പ്ലാറ്റ്‍ഫോമുകളിലും ഇത് ലഭ്യവുമാണ്. 

namo tv the exclusive tv platform for narendra modi and his election campaign and its controversies
Author
New Delhi, First Published Apr 3, 2019, 5:42 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ പ്രചാരണപരിപാടികളും തത്സമയം സംപ്രേഷണം ചെയ്യുന്ന നമോ ടിവി എന്ന ചാനൽ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണമന്ത്രാലയം തടയില്ല. നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമാണ് ഐ&ബി മന്ത്രാലയത്തിന്‍റെ നിലപാട്. നിലവിൽ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‍ഫോമുകളിലും നമോ ടി വി ലഭ്യമാണ്. 

കോൺഗ്രസും ആം ആദ്മി പാർട്ടിയുമാണ് ചാനലിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഐ&ബി മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഈ ടിവിയുടെ ഉടമ ആരെന്നോ, ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നോ ഉള്ള കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

ഇതേ പേരിലുള്ള വെബ്‍സൈറ്റിന്‍റെ ഡൊമൈൻ നെയിം റജിസ്റ്റർ ചെയ്തിരിക്കുന്നതും അജ്ഞാതൻ എന്ന പേരിലാണ്. ബിജെപി ഇന്ത്യ എന്ന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ചാനൽ തുടങ്ങുന്ന വിവരം ട്വീറ്റ് ചെയ്തത്. ബിജെപിയുടെ ഔദ്യോഗിക ഹാൻഡിൽ ഏറ്റവുമൊടുവിൽ പുറത്തുവിട്ട ട്വീറ്റിൽപ്പോലും മോദിയുടെ പരിപാടി തത്സമയം നമോ ടിവിയിൽ ലഭ്യമാണെന്ന് പറഞ്ഞിട്ടുണ്ട്.

മാർച്ച് 31-നാണ് നമോ ടിവി എന്ന ചാനൽ തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷമാണ് ചാനൽ തുടങ്ങിയത് തന്നെ. മാർച്ച് 10-നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. അന്ന് മുതൽ തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തു. 

എന്നാൽ ചട്ടം നിലവിൽ വന്ന ശേഷം ഇത്തരമൊരു ചാനൽ തുടങ്ങാൻ ബിജെപിക്ക് എങ്ങനെ കഴിയുമെന്നാണ് ആം ആദ്മി പാർട്ടി ചോദിക്കുന്നത്. ഐ&ബി മന്ത്രാലയത്തിന്‍റെ അംഗീകരിക്കപ്പെട്ട ടിവി ചാനൽ പട്ടികയിൽ നമോ ടിവി എന്നൊരു ചാനലില്ല. ആ സാഹചര്യത്തിൽ ഇത്തരമൊരു ചാനൽ സംപ്രേഷണം ചെയ്യുന്നതെങ്ങനെ എന്ന് കോൺഗ്രസും ചോദിക്കുന്നു.

Follow Us:
Download App:
  • android
  • ios