പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്‌ദാനങ്ങള്‍ പാലിക്കാതെ ഇരിക്കുകയും ചെയ്യുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലെയാണെന്നായിരുന്നു മോദി പരിഹസിച്ചത്.

ദില്ലി: ബാഹുബലി സിനിമയിലെ പ്രതിനായകനായ ബല്ലാല ദേവയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നരേന്ദ്രമോദി തീവ്രവാദിയാണെന്നും അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷ സഹോദരന്മാരോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളൂ. നിങ്ങള്‍ മോദിക്ക് വോട്ട് ചെയ്താല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരും. നിങ്ങളെ ജയിലിലടയ്ക്കാനായി മുത്തലാഖ് നിരോധനം കൊണ്ടുവന്നത് ഈ മോദിയാണ്, ശരിയല്ലേ?. 2002 ലെ ഗുജറാത്ത് കലാപ സമയത്ത് മോദിയുടെ രാജി ആവശ്യപ്പെട്ട ആദ്യ വ്യക്തി താനാണ്. കലാപത്തിന് ശേഷം മിക്ക രാജ്യങ്ങളും മോദിക്ക് അവിടേക്കുള്ള സന്ദർശന അനുമതി നിഷേധിച്ചു. മോദി ഒരു തവണ കൂടി പ്രധാനമന്ത്രി ആയാൽ അദ്ദേഹം ന്യൂനപക്ഷങ്ങളെ ആക്രമിക്കും. അതില്‍ സംശയമില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ഏപ്രില്‍ ഒന്നിന് തെലങ്കാനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ തെലുങ്ക് ദേശം പാർട്ടി നേതാവും കൂടിയായ ചന്ദ്രബാബു നായിഡുവിനെ യൂടേണ്‍ ബാബു എന്നായിരുന്നു മോദി അഭിസംബോധന ചെയ്തത്. സേവ മിത്ര ആപ്പ് ഉപയോഗിച്ച് ജനങ്ങളുടെ വിവരങ്ങള്‍ ടിഡിപി ചോര്‍ത്തുകയാണെന്നും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരാവുന്ന കുറ്റമാണിതന്നും മോദി പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്‌ദാനങ്ങള്‍ പാലിക്കാതെ ഇരിക്കുകയും ചെയ്യുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലെയാണെന്നും മോദി പരിഹസിച്ചു.