ഹൈദരാബാദ്: മോദി ജനങ്ങളുടെ കാവല്‍ക്കാരനല്ലെന്നും ധനികരുടേയും അഴിമതിക്കാരുടെയും കാലവ‍ല്‍ക്കാരനാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.  പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ മോദി ഭീഷണിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായെന്നും മമത പറഞ്ഞു. തെലുങ്കുദേശം പാര്‍ട്ടി വിശാഖപട്ടണത്ത് സംഘടിപ്പിച്ച തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ ഭരണത്തില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു. ഇതുവരെ ഒരു വാര്‍ത്താസമ്മേളനത്തെ പോലും അഭിമുഖീകരിക്കാതെ മാധ്യമങ്ങളെ  പോലും അവഗണിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് ചോദിക്കാന്‍ മോദി ആരാണ്? ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ കുറിച്ചോര്‍ത്ത് അദ്ദേഹം വേവലാതി പെടേണ്ട. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അതിന് നേതാവിനെ കണ്ടെത്താനും ഞങ്ങള്‍ക്കറിയാമെന്നും മമത പറഞ്ഞു.

മോദിയും അമിത് ഷായും വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ ഭരണഘടന തന്നെ മാറ്റിയെഴുതുമെന്നായിരുന്നു റാലിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളിന്‍റെ വിമര്‍ശനം. ബിജെപി ക്യാന്‍സറാണെന്നും അത്  ശരീരത്തെ നശിപ്പിക്കുമെന്നും അത് ഇല്ലാതാക്കുകയാണ് സമ്മുടെ പ്രഥമ ചുമതലയെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായുഡുവിനൊപ്പമാണ്  ഇരുവരും തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്.