ദില്ലി: മാധ്യമങ്ങൾക്ക് മുന്നിൽ വാര്‍ത്താ സമ്മേളനത്തിൽ നാടകീയമായി പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മടങ്ങി. അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളിൽ മാത്രം പ്രധാനമന്ത്രിയുടെ സംവാദം ഒതുങ്ങി. തുടര്‍ന്ന് ചോദ്യം ചോദിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി അത്രയും പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ആയിരുന്നു. 

മോദിയോട് മാധ്യമങ്ങൾക്ക് മൃദു സമീപനമാണെന്ന രാഹുലിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ പുകഴ്ത്തി സംസാരിക്കാൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നില്ല. പ്രകൃതി ദുരന്തം വന്നപ്പോഴും  തെരഞ്ഞെടുപ്പ് കാലത്തും മാധ്യമപ്രവര്‍ത്തകര്‍ നന്നായി പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നത്. അമിത് ഷായുടെ വാര്‍ത്താ സമ്മേളനം ബിജെപി ആസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഇന്നലെ  മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഇന്നും ബിജെപി അധ്യക്ഷന്‍റെ വാര്‍ത്താ സമ്മേളനം ഓര്‍പ്പെടുത്തുന്ന സന്ദേശമുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന നിമിഷം തികച്ചും നാടകീയമായാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്. 

ഇപ്പോഴെങ്കിലും മോദി മാധ്യമങ്ങൾക്ക് മുന്നിൽ വന്നത് നന്നായെന്നായിരുന്നു സമാന്തര വാര്‍ത്താ സമ്മേളനം നടത്തിയ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ചോദ്യങ്ങൾക്കെല്ലാം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചെങ്കിലും പാർട്ടി പ്രസിഡന്‍റുള്ളപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി.