ദില്ലി: റഫാൽ ഉൾപ്പടെയുള്ള അഴിമതികളെക്കുറിച്ച് മോദി സംസാരിക്കണമെന്ന് രാഹുൽ ഗാന്ധി സമാന്തര വാര്‍ത്താ സമ്മേളനം നടത്തി ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി മറുപടി പറയാൻ തയ്യാറായില്ല. രാഹുലിന്‍റെ ആവശ്യം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമായി വന്നെങ്കിലും അമിത് ഷാ മറുപടി പറഞ്ഞതിങ്ങനെയാണ്:

''റഫാൽ അഴിമതിയാരോപണത്തിന് രാജ്യത്തിന്‍റെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തന്നെ പാർലമെന്‍റിൽ വന്ന് മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കിൽ രാഹുൽ അത് സുപ്രീംകോടതിയിൽ പറയണമായിരുന്നു. അഞ്ച് വർഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സർക്കാരാണ് ഇത്'', അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം ഒരിക്കൽ പോലും വാര്‍ത്താ സമ്മേളനം വിളിച്ചിട്ടില്ലെന്ന കടുത്ത വിമര്‍ശനത്തിനൊടുവിലാണ് ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. അമിത്ഷായുടെ വാര്‍ത്താ സമ്മേളനം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നാടകീയമായിട്ടാണ് മോദിയുടെ രംഗ പ്രവേശം. 

അവസാന വട്ട തെരഞ്ഞെടപ്പിന്‍റെ കൊട്ടിക്കലാശത്തിന് തൊട്ട് മുൻപ് മാധ്യമങ്ങളെ കണ്ട മോദി സര്‍ക്കാര്‍ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് സംസാരിച്ചത്. അമിത്ഷാ ബിജെപി സര്‍ക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്കുള്ള ഊഴമായി. എന്നാൽ പാര്‍ട്ടി ദേശീയ അധ്യക്ഷൻ ഉള്ള സാഹചര്യത്തിൽ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഇരിക്കാനാണ് തനിക്ക് താൽപര്യമെന്നായിരുന്നു മോദിയുടെ നിലപാട്. ചോദ്യങ്ങളെ നേരിട്ടതും അമിത്ഷായാണ്. 

മോദിയോട് മാധ്യമങ്ങൾക്ക് മൃദു സമീപനമാണെന്ന് രാഹുൽ ഗാന്ധി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന് മോദി വന്നത് നന്നായെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നാണ് പ്രതീക്ഷയെന്നും സമാന്തര വാര്‍ത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.