ദില്ലി: ആദ്യം ടേം പൂർത്തിയാക്കി പടിയിറങ്ങും മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. എല്ലാവരുടെ കൂട്ടായ പ്രവർത്തനത്തിനും സഹകരണത്തിനും നന്ദി പറഞ്ഞ മോദി തന്‍റെ ലക്ഷ്യം പിഎംഓയുടെ ഫലപ്രാപ്തി വർധിപ്പിക്കലായിരുന്നില്ല മറിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുകയായിരുന്നെന്ന് വ്യക്തമാക്കി. 

നിങ്ങൾ പല പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ടാകുമെങ്കിലും നിങ്ങളെ കണ്ട പ്രധാനമന്ത്രി ഞാൻ മാത്രമാണെന്ന് ഉദ്യോ​ഗസ്ഥരോട് പറഞ്ഞ മോദി ഉദ്യോ​ഗസ്ഥരുടെ ത്യാ​ഗത്തിനും കഠിനാധ്വാനത്തിനും നന്ദി പറഞ്ഞു. ഒരിക്കലും ജോലിയുടെ ഭാരം തന്നിലേക്ക് എത്താൻ ഉദ്യോ​ഗസ്ഥ‌‌ർ അനുവദിച്ചില്ലെന്ന് പറഞ്ഞ മോദി തന്നെ ഒരിക്കലും ഒറ്റയ്ക്കാകാൻ ഉദ്യോ​ഗസ്ഥ‌‌ർ അനുവദിച്ചില്ലെന്ന് അനുസ്മരിച്ചു. 

തന്‍റെ ഉള്ളിലെ വിദ്യാ‌‌‌‌ർത്ഥിയെ ഒരിക്കലും മരിക്കാൻ അനുവദിക്കാത്തതാണ് തന്‍റെ വിജയം രഹസ്യമെന്ന് പറഞ്ഞ നരേന്ദ്ര മോദി ഉദ്യോ​ഗസ്ഥർ തന്‍റെ ഗുരുതുല്യരാമെന്നും അവരിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിഞ്ഞെന്നും അനുസ്മരിച്ചു. 

ഏറെ വികാരാധീനനായി സംസാരിച്ച നരേന്ദ്ര മോദി കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പോലും ഉദ്യോഗസ്ഥ‌ർക്ക് സമയം കിട്ടിക്കാണില്ലെന്ന് പറ‌ഞ്ഞു. പുതിയ ഊർജ്ജവുമായി വീണ്ടു വരുമെന്ന് പറഞ്ഞാണ് മോദി നന്ദി പ്രസംഗം അവസാനിപ്പിച്ചത്.