പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ച് മടങ്ങിപോകുക എന്നതല്ല സിദ്ദുവിന്‍റെ രീതി. നാട്ടിന്‍പുറത്തെ കുട്ടികളുമായി ക്രിക്കറ്റ് കളിച്ച് സന്തോഷം പങ്കിട്ട ശേഷമാകും സിദ്ദു പ്രചാരണയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുക. 18ന് മലപ്പുറത്ത് എത്തുന്ന സിദ്ദു എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലാകും വീണ്ടും ബാറ്റ് വീശുക. വൈകുന്നേരം അഞ്ച് മണിക്കാണ് യുവാക്കളുമായുള്ള പ‍ഞ്ചാബ് മന്ത്രിയുടെ പോരാട്ടം

മലപ്പുറം: രക്തത്തില്‍ ക്രിക്കറ്റ് പ്രേമം ഉള്ളവര്‍ക്ക് നവജ്യോത് സിംഗ് സിദ്ദുവിനെ അത്ര പെട്ടന്ന് മറക്കാനാകില്ല. ശ്രീകാന്തിന് ശേഷം ഇന്ത്യന്‍ ഓപ്പണിംഗില്‍ ഏറെക്കാലം തിളങ്ങി നിന്ന സിദ്ദുവിന്‍റെ സിക്സറുകള്‍ ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് ഏന്നും ആവേശമായിരുന്നു. കളിക്കളത്തില്‍ നിന്ന് രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയപ്പോഴും എതിരാളികളെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തുന്നതില്‍ സിദ്ദു വിരുത് കാട്ടിയിരുന്നു.

ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിയ സിദ്ദു രാജ്യമാകെ വലിയ ശ്രദ്ധനേടാറുണ്ട്. അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചപ്പോള്‍ സിദ്ദുവിന്‍റെ ഇടപെടലാണ് അതിന്‍റെ കാരണം എന്ന തരത്തില്‍ വലിയ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ സിദ്ദു പാര്‍ട്ടി വിടുന്നു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഭാര്യയ്ക്ക് സീറ്റ് നല്‍ക്കാത്തതാണ് സിക്സടി വീരനെ ചൊടിപ്പിച്ചത്.

പ്രചാരണയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സിദ്ദു. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ത്തതായാണ് സൂചന. എന്തായാലും രാഹുലിന് വേണ്ടി വയനാട്ടില്‍ പ്രചാരണത്തിന് എത്താനുള്ള തീരുമാനത്തിലാണ് താരപ്രചാരകന്‍. വയനാട് മണ്ഡലത്തിന്‍റെ ഭാഗമായുള്ള നിലമ്പൂര്‍, ഏറനാട് മേഖലകളിലാകും സിദ്ദു എത്തുക.

പ്രചാരണയോഗങ്ങളില്‍ പ്രസംഗിച്ച് മടങ്ങിപോകുക എന്നതല്ല സിദ്ദുവിന്‍റെ രീതി. നാട്ടിന്‍പുറത്തെ കുട്ടികളുമായി ക്രിക്കറ്റ് കളിച്ച് സന്തോഷം പങ്കിട്ട ശേഷമാകും സിദ്ദു പ്രചാരണയോഗത്തില്‍ പ്രസംഗിക്കാന്‍ എത്തുക. 18ന് മലപ്പുറത്ത് എത്തുന്ന സിദ്ദു എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലാകും വീണ്ടും ബാറ്റ് വീശുക. വൈകുന്നേരം അഞ്ച് മണിക്കാണ് യുവാക്കളുമായുള്ള പ‍ഞ്ചാബ് മന്ത്രിയുടെ പോരാട്ടം. ശേഷം നിലമ്പൂർ ചുങ്കത്തറയിലെ പ്രചാരണ യോഗത്തില്‍ സിദ്ദു പ്രസംഗിക്കും.