കോഴിക്കോട്: സിപിഎമ്മിലെ അസംതൃപ്ത വോട്ടുകള്‍ തനിക്ക് കിട്ടിയെന്ന അവകാശവാദവുമായി കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു. ഇടത് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള വിരോധത്തില്‍ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്‍റെ അനുയായികള്‍ തനിക്ക് വോട്ടു ചെയ്തെന്നാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രകാശ്ബാബു പറയുന്നത്.

2009-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ തോല്‍പിക്കാന്‍ പ്രദീപ്കുമാര്‍ ഉള്‍പ്പെട്ട വിഎസ് പക്ഷം ശ്രമിച്ചെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതിനുള്ള പ്രതികാരമെന്നോണം റിയാസ് അനുകൂലികള്‍ വോട്ടു മറിച്ചെന്നാണ് പ്രകാശ്ബാബു പറയുന്നത്. ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നെന്നാണ് അവകാശവാദം.

റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ എന്നെ  നേരിട്ട് വന്നു കണ്ട് സഹായം വാഗ്ദാനം ചെയ്തു. ഞാന്‍ പിന്നീട് അവരെ പോയി കണ്ടു. അവരുടെ വോട്ടുകള്‍ കൃത്യമായി ബിജെപി ചിഹ്നത്തില്‍ വീണിട്ടുണ്ട്- പ്രകാശ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ സിപിഎം വിഭാഗീതയുമായി ബന്ധപ്പെട്ട് കരുവശേരി, നെല്ലിക്കോട്, കുന്നമംഗംലം എന്നിവിടങ്ങളില്‍ വലിയ പൊട്ടിത്തെറി നടന്നിരുന്നു. കരുവശേരിയില്‍ ലോക്കല്‍സമ്മേളനം നിര്‍ത്തിവച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.നെല്ലിക്കോടും , കുന്നമംഗലത്തും വിമതര്‍ക്കെതിരെ കൂട്ടത്തോടെ നടപടിയെടുത്തിരുന്നു. 

കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് പാളയത്തിലെത്തിയെന്ന് സിപിഎം ജില്ല സെക്രട്ടറി പി മോഹനന്‍ ആരോപിച്ചതിന് പിന്നാലെയാണ് സിപിഎമ്മിലെ പടലപിണക്കം തനിക്കനുകൂലമായെന്ന വാദവുമായി കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ കെ പി പ്രകാശ്ബാബുവിന്‍റെ വരവ്. അതേ സമയം ബിജെപി സ്ഥാനാര്‍ത്ഥിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് സിപിഎം ജില്ല നേതൃത്വം പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടാണ് കോഴിക്കോട് ബിജെപിക്ക് കിട്ടിയത്. മെയ് 23-ന് ഫലം വരുമ്പോള്‍ ബിജെപി അക്കൗണ്ടിലുണ്ടാവുന്ന ഏറ്റകുറച്ചിലുകള്‍ ആരോപണ പ്രത്യാരോപണങ്ങളുടെ മൂര്‍ച്ച കൂട്ടും.