ദില്ലി: ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം 298 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് സര്‍വ്വേഫലം. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ ഗുണം ചെയ്യുക ബിജെപിക്കാണെന്നും ഐഎഎന്‍എസ് സി വോട്ടര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സഖ്യനീക്കങ്ങള്‍ എന്‍ഡിഎയ്ക്ക് ദേശീയതലത്തില്‍ 42 ശതമാനം വോട്ട് വിഹിതം നേടിക്കൊടുക്കുമെന്നാണ് സര്‍വ്വേഫലം പ്രവചിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിന് 30.4 ശതമാനം വോട്ട് വിഹിതമേ ലഭിക്കൂ. ദേശീയത മുന്‍നിര്‍ത്തിയുള്ള പ്രചാരണം എന്‍ഡിഎയ്ക്ക് വിജയം നേടിക്കൊടുക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും പ്രതികരിച്ചു. 

കോണ്‍ഗ്രസ് പ്രതിപക്ഷമഹാസഖ്യത്തിന്‍റെ ഭാഗമല്ലാത്ത ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് 35.4 ശതമാനം വോട്ട് ലഭിക്കും. ബീഹാറില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 52.6 ശതമാനമായിരിക്കും. രാജസ്ഥാനില്‍ 50.7 ശതമാനവും ഗുജറാത്തില്‍ 58.2 ശതമാനവും വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കും. മഹാരാഷ്ട്രയില്‍ 48.1 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമ്പോള്‍ ബിജെപി ഭരണത്തിലുള്ള സംസ്ഥാനമായ ഹരിയാനയില്‍ വോട്ട് വിഹിതം 42.6 ശതമാനമായിരിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.

എന്‍ഡിഎ, യുപിഎ സഖ്യങ്ങള്‍ ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ ബിജെപി ബഹുദൂരം പിന്നിലാണെന്നും സര്‍വ്വേഫലം പറയുന്നു. കേരളവും തമിഴ്നാടുമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. കര്‍ണാടകത്തില്‍ മത്സരം ഇഞ്ചോടിഞ്ചായിരിക്കും.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യനീക്കങ്ങളിലൂടെ 261 സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കും. ഇതില്‍ 241 സീറ്റുകളും ബിജെപിയുടേതായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊള്ളുന്ന സഖ്യങ്ങള്‍ കൂടി ചേരുന്നതോടെ എന്‍ഡിഎയ്ക്ക് 298 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും സീ വോട്ടര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു.