മുംബൈ: അട്ടിമറികളില്ലാതെ, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് മഹാരാഷ്ട്രയില്‍ ഭരണകക്ഷി എന്‍ഡിഎയ്ക്ക് ഭരണതുടര്‍ച്ച. നിലവില്‍ 166 സീറ്റുകളില്‍ ബിജെപി സേനാ സഖ്യം ലീഡ് ചെയ്യുകയാണ്.  കേവല ഭൂരിപക്ഷത്തിന് വേണ്ടതിലുമധികം സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.  288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന്  145 സീറ്റുകളാണ് വേണ്ടത്. അതേസമയം കോണ്‍ഗ്രസ് എന്‍സിപി സഖ്യം 90 സീറ്റുകളില്‍ മാത്രമാണ്  ലീഡ് ചെയ്യുന്നത്.  എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതുപോലെ ബിജെപി സേനാ സഖ്യത്തിന് ഭരണതുടര്‍ച്ച ഉണ്ടാകുമെന്ന് വ്യക്തമായിരിക്കുകയാണ്. 

അതേസമയം മഹാരാഷ്ട്രയില്‍ കല്‍വാനില്‍ സിപിഎമ്മിന്‍റെ ജെപി ഗാവിത് മുന്നേറുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 190 മുതല്‍ 245 വരെ സീറ്റുകള്‍ ബിജെപി സേനാ സഖ്യം നേടുമെന്നായിരുന്നു വിവിധ സര്‍വ്വേകള്‍ പ്രവചിച്ചത്. ബിജെപി വീണ്ടും ഭരണത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളും ഭരണ വിരുദ്ധ വികാരമില്ലെന്നതിനാലും വീണ്ടും വിജയത്തിലെത്താമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു ബിജെപി. 2014 ല്‍ 185 സീറ്റുകള്‍ നേടിയാണ് മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 42 സീറ്റിലും എന്‍സിപി 41 ഇടത്തുമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ കിട്ടിയ അത്ര പോലും സീറ്റുകള്‍ കിട്ടില്ലെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്.