നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ 46 പേരും ഒഡീഷയില്‍ ഭരണത്തിലുള്ള നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളിന്‍റെ അംഗങ്ങളാണ്.
ഭുവനേശ്വര്‍: ഒഡീഷയില്‍ ലോക്സഭാതെരഞ്ഞെടുപ്പിനൊപ്പമാണ് 147 അംഗ നിയമസഭയിലേക്കും തെരഞ്ഞെടുപ്പും നടന്നത്. ഫലം പുറത്തുവന്നപ്പോള്‍ 112 സീറ്റുകള്‍ നേടി നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദള്‍ ഭരണം നിലനിര്‍ത്തി. ബിജെപി 23 സീറ്റുകളും കോണ്‍ഗ്രസ് 9 സീറ്റുകളും നേടി. തെരഞ്ഞടുക്കപ്പെട്ട എംഎല്‍എമാരില്‍ 46 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 67 പേരാണ് ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരില്‍ 46 ശതമാനം വരുമിത്. ഇതില്‍ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ പ്രധാനകുറ്റങ്ങള്‍ ചുമത്തപ്പെട്ടവരുമുണ്ട്. ഒഡിഷ ഇലക്ഷന്‍ വാച്ച്, ഡെമോക്രാറ്റിക് റിഫോം എന്നിവരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ രണ്ട് പേര്‍ കൊലപാതകക്കേസില്‍ പ്രതികളാണ്. 11 പേര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരില്‍ 46 പേരും ഒഡീഷയില്‍ ഭരണത്തിലുള്ള നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളിന്‍റെ അംഗങ്ങളാണ്. നിയമസഭാ തെരഞ്ഞടുപ്പില്‍ 147 മണ്ഡലങ്ങളില്‍ 112 സീറ്റുകളും നേടി ബിജെഡി വലിയ വിജയം സ്വന്തമാക്കിയിരുന്നു. പ്രചാരണസമയത്ത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ പേരും ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതില്‍ 46 പേരാണ് വിജയിച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 23 പേരാണ് ഒഡീഷ നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. ഇതില്‍ 14 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഏകദേശം 61 ശതമാനം വരുമിത്.
കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുക്കപ്പെട്ട 9 എംഎല്‍എമാരില്‍ 6 പേര്‍ (67 ശതമാനം) ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച 52 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

