2014ൽ പ്രഫുൽ പട്ടേലിനെ അട്ടിമറിച്ച പാഠോലെ നാഗ്പൂരിലും ജയന്‍റ് കില്ലറാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിശ്വാസം. 

നാഗ്പൂർ: രാജ്യത്ത് വാശിയേറിയ പോരാട്ടം നടക്കുന്ന ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് ആ‍ർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂർ. ബിജെപി നിരയിലെ കരുത്തൻ നിതിൻ ഗഡ്കരിയും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുൻ എംപി നാനാ പാഠോലെയാണ് നാഗപൂരിൽ ഇത്തവണ ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ 2.85ലക്ഷം വോട്ടിന് വിജയിച്ച ഗഡ്കരിക്ക് ഇത്തവണ പോരാട്ടം അനായാസമല്ല. രാജ്യം മുഴുവൻ സഞ്ചരിച്ച് പ്രചാരണം നടത്തേണ്ട ബിജെപി മുൻ ദേശീയ അധ്യക്ഷൻ കൂടുതൽ സമയവും സ്വന്തം മണ്ഡലത്തിൽ കേന്ദ്രീകരിക്കുകയാണ്. റോഡ് ഷോ, റാലികൾ, ചെറു കൂട്ടായമകളെ കണ്ടുളള വോട്ടഭ്യർത്ഥന തുടങ്ങിയവയിലൂടെ ഓരോ വോട്ടും ഉറപ്പിക്കുകയാണ് ഗഡ്കരി.

പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തലെങ്കിലും നിതിൻ ഗഡ്കരി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അഞ്ച് ലക്ഷം വോട്ടിന് ജയിച്ചുകയറുമെന്നാണ് ഗഡ്കരിയുടെ പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാഗ്പൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ആർഎസ്എസിൽ ഗഡ്കരിക്കുള്ള സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ

എന്നാൽ നാഗ്പൂരിൽ ഇത്തവണ വിജയം കൈപ്പത്തിക്കായിരിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ നാനാ പാഠോലെ പറയുന്നത്. പാഠോലയുടെ സമുദായത്തിന് നാഗ്പൂരിലുള്ള വലിയ സ്വാധീനമാണ് കോണ്‍ഗ്രസിന്‍റെ വിജയ പ്രതീക്ഷകളുടെ അടിസ്ഥാനം. 2014ൽ പ്രഫുൽ പട്ടേലിനെ അട്ടിമറിച്ച പാഠോലെ നാഗ്പൂരിലും ജയന്‍റ് കില്ലറാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിശ്വാസം.