"കോണ്‍ഗ്രസ്‌ ആശയക്കുഴപ്പങ്ങളുടെ പാര്‍ട്ടിയാണ്‌. അവര്‍ക്ക്‌ ഇന്ത്യയുടെ ഭാവി മാറ്റിമറിക്കാന്‍ കഴിയില്ല. ബിജെപിക്ക്‌ മാത്രമാണ്‌ ഇന്ത്യയെ വികസനത്തിലേക്ക്‌ കൈപിടിച്ചുനടത്താനാവുക."

ദില്ലി: കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ ഭരണം ട്രെയിലര്‍ മാത്രമാണെന്ന്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. പൂര്‍ണമായ ചിത്രം ഇനി വരാനിരിക്കുന്നതേ ഉള്ളെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

"കോണ്‍ഗ്രസ്‌ ആശയക്കുഴപ്പങ്ങളുടെ പാര്‍ട്ടിയാണ്‌. അവര്‍ക്ക്‌ ഇന്ത്യയുടെ ഭാവി മാറ്റിമറിക്കാന്‍ കഴിയില്ല. ബിജെപിക്ക്‌ മാത്രമാണ്‌ ഇന്ത്യയെ വികസനത്തിലേക്ക്‌ കൈപിടിച്ചുനടത്താനാവുക. ബിജെപിയുടെ അഞ്ച്‌ വര്‍ഷത്തെ ഭരണം ട്രെയിലര്‍ മാത്രമായിരുന്നു. യഥാര്‍ത്ഥത്തിലുള്ള, പൂര്‍ണമായ ചിത്രം വരാനിരിക്കുന്നതേയുള്ളു." നിതിന്‍ ഗഡ്‌കരി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനും അതിന്റെ സഖ്യകക്ഷികള്‍ക്കും ബിജെപിയെ പരാജയപ്പെടുത്തണമെന്ന്‌ മാത്രമാണ്‌ ചിന്ത. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും മോശപ്പെട്ട സമയമാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസിന്റേത്‌. പ്രതിപക്ഷത്തിന്‌ നല്ലൊരു നേതാവ്‌ പോലുമില്ല. രാഹുല്‍ ഗാന്ധിക്ക്‌ തോന്നുന്നതാണ്‌ അദ്ദേഹം പറയുന്നത്‌. കോണ്‍ഗ്രസിന്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന്‌ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും ബിജെപിക്ക്‌ ഭരണം കിട്ടരുതെന്ന്‌ മാത്രമാണ്‌ അവരുടെ വിചാരമെന്നും നിതിന്‍ ഗഡ്‌കരി ആരോപിച്ചു.