Asianet News MalayalamAsianet News Malayalam

പിണറായിയോട് പടവെട്ടി പ്രേമചന്ദ്രൻ; കൊല്ലത്ത് ലീഡ് കഴിഞ്ഞ തവണത്തേതിന്‍റെ നാലിരട്ടി

പഴയ പ്രയോഗം പ്രചരണത്തിനിടെ പിണറായി വീണ്ടുമാവര്‍ത്തിച്ചു. സംഘി ആരോപണവും ഫലിച്ചില്ല. കൊല്ലത്ത് ഇടത് മുന്നണിയെ മലര്‍ത്തിയടിച്ച് എൻകെ പ്രേമചന്ദ്രൻ

nk premachandran bags big lead in kollam
Author
Kollam, First Published May 23, 2019, 2:12 PM IST

കൊല്ലം: ഇടത് മുന്നണിയും എൻ കെ പ്രേമചന്ദ്രനും നേര്‍ക്ക് നേര്‍ മത്സരിച്ച കൊല്ലത്ത് മിന്നുന്ന വിജയം ആവര്‍ത്തിച്ച് യുഡിഎഫ്. ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലത്ത് അഭിമാന പോരാട്ടമാണ് ഇടത് മുന്നണി ഇത്തവണ നടത്തിയത്. എന്നാൽ ഇടത് സ്ഥാനാര്‍ത്ഥി കെഎൻ ബാലഗോപാലിന് ഒരിക്കൽ പോലും ലീഡ് നേടാൻ കൊല്ലത്ത് കഴിഞ്ഞില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്ഥമായി ഒരു ലക്ഷം കടന്ന് എൻകെ പ്രേമചന്ദ്രന്‍റെ ലീഡ് കുതിക്കുകയും ചെയ്തു. 

എൻകെ പ്രേമചന്ദ്രനെ എതിരിടുക എന്ന അഭിമാന പ്രശ്നം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റവും അധികം പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുത്തത് കൊല്ലത്തായിരുന്നു. സിപിഎമ്മിന്‍റെ സംഘടനാ സംവിധാനമാകെ കെഎൻ ബാലഗോപാലിന് വേണ്ടി രംഗത്ത് ഇറങ്ങുകയും ചെയ്തു. എന്നാൽ ഇതിനെ എല്ലാം മറികടന്നാണ് എൻകെ പ്രേമചന്ദ്രന്‍റെ മുന്നേറ്റം. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്  മുന്നണി വിട്ട ആര്‍എസ്പിക്കും എൻകെ പ്രേമചന്ദ്രനുമെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗം വൻ വിവാദമായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനിടെ പിണറായി അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധവും ഉന്നയിച്ചിരുന്നു. 

ശബരിമല വിഷയത്തിലടക്കം എൻകെ പ്രേമചന്ദ്രന്‍റെ നിലപാട് മുൻനിര്‍ത്തി സംഘപരിവാര്‍ ബന്ധവും ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള അത്തരം ആരോപണങ്ങളും ഫലം കണ്ടില്ലെന്ന് തളിയിക്കുന്ന ലീഡാണ് എൻകെ പ്രേമചന്ദ്രന് കിട്ടിയത്. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ബിജെപി യുഡിഎഫിന് വോട്ട് മറിക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

എഴുപത്തഞ്ച് ശതമാനം വോട്ടെണ്ണി തീരുമ്പോൾ എഴുപത്തയ്യായിരം വോട്ടാണ് ബിജെപി നേടിയത്. കൊല്ലം ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി വിജയിച്ചപ്പോൾ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സമാഹരിച്ചത് 13.50 %  വോട്ടാണ്. അതായത് 130672 വോട്ട്. 

പാര്‍ട്ടി സംവിധാനം അടക്കം പൂര്‍ണ്ണമായും കൊല്ലത്ത് കേന്ദ്രീകരിച്ചിട്ടും പ്രതീക്ഷയിൽ കവിഞ്ഞ തിരിച്ചടി ഇടത് മുന്നണിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. 

 

Follow Us:
Download App:
  • android
  • ios