Asianet News MalayalamAsianet News Malayalam

മോദിക്കും ഷായ്ക്കുമെതിരെ പരാതി നൽകിയിട്ടും നടപടിയില്ല, തെര. കമ്മീഷനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ

തെരഞ്ഞെടുപ്പ് സമയത്തും ഗുജറാത്തിൽ റോഡ് ഷോ നടത്തി, സൈന്യത്തിന്‍റെ കാര്യം വീണ്ടും വീണ്ടും യോഗങ്ങളിൽ ഉന്നയിക്കുന്നു, വർഗീയത പറയുന്നു, പരാതി നൽകിയിട്ടും തെര. കമ്മീഷൻ നടപടിയെടുക്കുന്നില്ല എന്നാണ് കോൺഗ്രസ് ഹർജിയിൽ പറയുന്നത്. 

no action against modi and amit shah by election commission congress approaches supreme court
Author
New Delhi, First Published Apr 29, 2019, 11:48 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ പരാതി നൽകിയിട്ടും കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ്  സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി നാളെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബ‍ഞ്ച് നാളെ പരിഗണിക്കും. കോൺഗ്രസ് എംപിയായ സുഷ്മിത ദേവാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

മോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ പരാതികൾ 24 മണിക്കൂറിനുള്ളിൽ പരിഗണിച്ച് പരിഹരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ഹർജി നൽകിയത്. പരാതി നൽകി മൂന്നാഴ്ചയായിട്ടും തെര. കമ്മീഷൻ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. നേരത്തേ, മോദിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‍സൈറ്റിൽ നിന്ന് അപ്രത്യക്ഷമായതായി ആരോപണമുയർന്നിരുന്നു. 

അമിത് ഷായും മോദിയും വോട്ടർമാരെ ഭിന്നിപ്പിക്കുന്ന തരത്തിൽ വിദ്വേഷപ്രസംഗങ്ങൾ നടത്തുകയാണെന്നും രാഷ്ട്രീയലാഭത്തിന് വേണ്ടി എല്ലാ പ്രസംഗങ്ങളിലും സൈന്യത്തെ ഉയർത്തിക്കാട്ടി വോട്ട് പിടിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഗുജറാത്തിൽ ഏപ്രിൽ 23-ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം മോദി റോഡ് ഷോ നടത്തുകയാണ് ചെയ്തതെന്നും, പ്രസംഗം നടത്തിയെന്നും ഇത് ചട്ടലംഘനമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. 

പുൽവാമ ഭീകരാക്രമണമോ, ബാലാകോട്ട് പ്രത്യാക്രമണമോ വോട്ട് പിടിക്കാനായി ഉപയോഗിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമാക്കിയിരുന്നതാണ്. ഇത്തരം നിർദേശങ്ങളുണ്ടായിട്ടും മഹാരാഷ്ട്രയിലടക്കം പല ഇടങ്ങളിലും മോദി ഇത്തരം പ്രസംഗങ്ങൾ ആവർത്തിച്ചതായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ബാലാകോട്ട് പ്രത്യാക്രമണം നടത്തിയ ജവാൻമാർക്കായി കന്നിവോട്ട് ചെയ്യണമെന്ന് മോദി പ്രസംഗിച്ചതിനെതിരെ നൽകിയ പരാതിയിൽ ഇത് വരെ നടപടിയെടുത്തിട്ടില്ല. ഇത് പ്രത്യക്ഷത്തിൽ പക്ഷപാതിത്വമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. 

Follow Us:
Download App:
  • android
  • ios