തിരുവനന്തപുരം: ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന് പഴികേൾക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് ഇന്ന് 75 ആം  പിറന്നാൾ.  നാളെയാണ് ഇടത് സർക്കാരിന്‍റെ മൂന്നാം വാർഷികം. രണ്ടും തീരെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ കടന്നുപോകുന്നത്.

2016-ല്‍ മന്ത്രിസഭാ സത്യപ്രതി‍ജ്ഞയ്ക്ക് തൊട്ടുമുൻപാണ് അതുവരെ രഹസ്യമായി കൊണ്ടുനടന്നിരുന്ന തന്‍റെ പിറന്നാൽ ദിനം പിണറായി വിജയൻ പരസ്യമാക്കിയത്. പിറന്നാൾ ദിനം ഇന്ന് വീണ്ടും എത്തുമ്പോൾ മധുരം നൽകി ആഘോഷിക്കാവുന്ന നിലയിലല്ല പിണറായിയും പാർട്ടിയും. 
ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ ഇടുതുമുന്നണിയെ കൈവിട്ടതിൽ മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും വിമർശിക്കപ്പെടുകയാണ്. മുഖ്യമന്ത്രിക്ക് നന്ദിയെന്ന് പ്രതിപക്ഷം പരിഹസിക്കുമ്പോൾ ഹിന്ദുവോട്ടുകൾ ചേർന്നതിനേക്കുറിച്ച് വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. 

കഴിഞ്ഞ രണ്ട് വര്‍ഷവും മന്ത്രിസഭാ വാർഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും സർക്കാർ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ മന്ത്രിസഭാ വാർഷികത്തിനും ആഘോഷമില്ല. നാളെയാണ് സർകകാരിന്‍റെ മൂന്നാം വാർഷികമെങ്കിലും രണ്ട് ദിവസം കൂടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ആഘോഷമൊന്നുമില്ല. അതിന് ശേഷവും ഇത്തവണ ആഘോഷപരിപാടകളുണ്ടാവില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.