Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ തർക്കങ്ങളില്ല, കേന്ദ്രതീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകും: കുമ്മനം രാജശേഖരന്‍

പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം മാറാത്ത സാഹചര്യത്തിലാണ് പ്രതികരണം.

no disputes over pathanamthitta will follow central bjp decision says Kummanam Rajasekharan
Author
Thiruvananthapuram, First Published Mar 23, 2019, 10:28 AM IST

തിരുവനന്തപുരം: പത്തനംതിട്ടയുടെ കാര്യത്തിൽ തർക്കങ്ങളില്ലെന്ന് കുമ്മനം രാജശേഖരന്‍. കേന്ദ്രതീരുമാനം എന്തായാലും അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് കുമ്മനം രാജശേഖരന്‍ വിശദമാക്കി. പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം മാറാത്ത സാഹചര്യത്തിലാണ് പ്രതികരണം.

പി എസ്  ശ്രീധരൻ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേർന്ന തെര‍ഞ്ഞെടുപ്പ് സമിതിയിൽ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അനന്തമായി നീളുകയാണ്. പത്തനംതിട്ടയിലെ അനിശ്ചിതത്വത്തിന് പിന്നിൽ തൃശ്ശൂരിൽ ഇതുവരെ മനസ്സുതുറക്കാത്ത തുഷാറിന്റെ നിലപാടും കാരണമാണെന്നാണ് വിലയിരുത്തുന്നത്. 

ബിജെപി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസ് നിലപാട്. തുഷാർ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്. ഒരുപക്ഷെ തുഷാർ അവസാന നിമിഷം പിന്മാറിയാൽ തൃശ്ശൂർ ബിജെപി ഏറ്റെടുത്ത് സുരേന്ദ്രന് നൽകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പത്തനംതിട്ടയിൽ ശ്രീധരൻ പിള്ള വീണ്ടും വന്നേക്കാം. പിള്ളയും സുരേന്ദ്രനുമല്ലാതെ മൂന്നാമതൊരാൾ പത്തനംതിട്ടയിൽ സ്ഥാനാ‍ർത്ഥിയായേക്കുമെന്ന അഭ്യൂഹവും ഉണ്ട്. 

പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പരിഗണിക്കുന്നുവെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ബിജെപി അത് നിഷേധിച്ചു. തുഷാറിന്റെ കാര്യത്തിൽ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് ചില ബിഡിജെഎസ് നേതാക്കൾ പറയുന്നു. രണ്ട് സീറ്റുകളിലേയും അനിശ്ചിതത്വം കേരളത്തിലെ എൻഡിഎയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios