ദില്ലി: രാഹുലിന്‍റെ രാജി വാർത്ത വീണ്ടും തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി തന്നെയാണ് പാർട്ടി അധ്യക്ഷനെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. മറ്റെല്ലാ പ്രചാരണങ്ങളും തെറ്റാണ്, അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും സുര്‍ജേവാല വ്യക്തമാക്കി. പാർട്ടിയിൽ സമൂല മാറ്റത്തിന് പ്രവർത്തകസമതി രാഹുലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും സുർജേവാല പറഞ്ഞു. 

അതേസമയം കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനും കോണ്‍ഗ്രസിന്‍റെ സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. ബിജെപിക്കെതിരെ ശക്തമായി പോരാടാൻ 52 എംപിമാര്‍ ധാരാളമെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ തെരഞ്ഞെടുപ്പിൽ അക്ഷീണം പ്രയത്നിച്ചെന്ന് സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.