മലപ്പുറം: എ പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എം സുധീരൻ. എ പി അബ്ദുള്ളക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി എം സുധീരൻ പറഞ്ഞു. അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്. കോൺഗ്രസിൽ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്ന് വി എം സുധീരന്‍ കുറ്റപ്പെടുത്തി. 

കോൺഗ്രസുകാരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ല.  സിപിഎമ്മിൽ നിന്ന് കോൺഗ്രസിൽ എത്തി പ്രവർത്തിക്കാൻ സമയം നൽകാതെ എംഎൽഎയാക്കിയതിൽ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായിയെന്ന് വി എം സുധീരന്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.