Asianet News MalayalamAsianet News Malayalam

അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും സീറ്റില്ല: ബിജെപിയില്‍ തലമുറ മാറ്റം പൂര്‍ണം

ഒരുകാലത്ത് ബിജെപിയുടെ തീപ്പൊരി പ്രസംഗികയായിരുന്ന മുതിര്‍ന്ന നേതാവ് ഉമാ ഭാരതി ഇക്കുറി തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് കാട്ടി പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. 

no seat for senior bjp leaders this time
Author
Thiruvananthapuram, First Published Mar 23, 2019, 7:38 PM IST

ദില്ലി: മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ കൂടാതെ മുരളീമനോഹര്‍ ജോഷിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന് സൂചന. ഇരുവര്‍ക്കും ഇക്കുറി സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം. രാഷ്ട്രീയത്തിലും റിട്ടയര്‍മെന്‍റ് വേണ്ടി വരുമെന്ന കേന്ദ്രനമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയോട് കൂടി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളായ മുരളീ മനോഹര്‍ ജോഷിയും അദ്ധ്വാനിയും ഇനി സജീവരാഷ്ട്രീയത്തിലുണ്ടാവില്ലെന്ന് വ്യക്തമായി. 

ഒരുകാലത്ത് ബിജെപിയുടെ തീപ്പൊരി പ്രസംഗികയായിരുന്ന മുതിര്‍ന്ന നേതാവ് ഉമാ ഭാരതി ഇക്കുറി തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് കാട്ടി പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതോടെ അയോധ്യപ്രക്ഷോഭത്തിന്‍റെ മുഖമായിരുന്ന മൂന്ന് സീനിയര്‍ നേതാക്കളടക്കം ബിജെപിയുടെ 33  സിറ്റിംഗ് എംപിമാര്‍ ഈ തെരഞ്ഞെടുപ്പ് മത്സരിക്കില്ലെന്ന് വ്യക്തമായി. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ഈ കണക്കില്‍ വ്യത്യാസം വരും. 

1998 മുതൽ 2014വരെ തുടർച്ചയായി എൽകെ അദ്വാനി വിജയിച്ചു വരുന്നത് മണ്ഡലമാണ് ഗാന്ധിനഗര്‍. ബിജെപി പുറത്തുവിട്ട പട്ടിക അനുസരിച്ച് ഈ സീറ്റില്‍ ഇനി മത്സരിക്കുന്നത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പാതിമനസ്സോടെ തന്‍റെ മണ്ഡലമായ വാരണാസി വിട്ടുകൊടുത്ത മുരളീമനോഹര്‍ ജോഷി കഴിഞ്ഞ തവണ കാണ്‍പൂരിലാണ് മത്സരിച്ചത്. ഇക്കുറി കാണ്‍പൂരില്‍ മറ്റു സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പരിഗണിക്കുകയാണെന്ന് അമിത് ഷാ തന്നെ ജോഷിയെ അറിയിച്ചുവെന്നാണ് സൂചന. 

ബിജെപി പാ‍ർലമെന്‍ററി ബോർഡിലും തെരഞ്ഞെടുപ്പ് സമിതിയിലും അദ്വാനി മത്സരിക്കണമെന്ന് ആരും ആവശ്യപ്പെടാത്തത് പാർട്ടിയിൽ നരേന്ദ്രമോദിയും അമിത് ഷായും പൂർണ്ണമായും പിടിമുറുക്കിയതിൻറെ സൂചനയായി വ്യാഖ്യാനികപ്പെടുന്നുണ്ട്. നേതൃത്വത്തിനെതിരെ നേരത്തെ പരോക്ഷ വിമ‍ർശനത്തിന്‍റെ സൂചനകൾ നല്കിയ നിതിൻ ഗഡ്കരിയും ഈ തീരുമാനത്തെ പിന്തുണച്ചു. റിട്ടയർമെൻറ് എല്ലാ രംഗത്തും ആവശ്യമാണെന്നും അമിത് ഷാ അദ്വാനിയോടും ജോഷിയോടും സംസാരിച്ചുവെന്നും ഗഡ്കരി വിശദീകരിക്കുന്നു. 
 
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റിന് താഴെയാണ് ബിജെപിക്ക് കിട്ടുന്നതെങ്കില്‍ പോലും മറ്റാരും തന്നെ പാര്‍ട്ടി തലപ്പത്തേക്ക് വരില്ലെന്ന് ഇതോടെ വ്യക്തമായെന്ന് നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന സീനിയര്‍ ബിജെപി നേതാവ് ജസ്വന്ത് സിന്‍ഹ പറയുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍മുഖ്യമന്ത്രിമാരായ രമണ്‍സിങും ശിവരാജ് സിങ് ചൗഹാനും മത്സരിക്കുന്ന കാര്യത്തിലും പാര്‍ട്ടി അടുത്ത വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കാന്‍ ഇറങ്ങിയത് ഇവരെയൊക്കെ സ്വാധീനിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ അധികാരത്തില്‍ വരുന്ന പക്ഷം പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തിലേക്കാണ് ഈ നേതാക്കളുടെ കണ്ണ്.  
 

Follow Us:
Download App:
  • android
  • ios