ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷൻ ശക്തി പ്രഖ്യാപന പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഔദ്യോഗിക മാധ്യമങ്ങളെ മോദി ഇതിനായി ദുരുപയോഗം ചെയ്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. തെരഞ്ഞെടുപ്പ‌് കമ്മീഷൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ‌ഥാനത്തിലാണ് തീരുമാനം.

ഉപഗ്രഹവേധ മിസൈൽ ശേഷിയുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്, ഇത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമായി കണക്കാക്കാനാകില്ലെന്നാണ് ഇലക്ഷൻ കമ്മീഷൻ വിലയിരുത്തൽ. ദൂരദർശനെയോ ആൾ ഇന്ത്യ റേഡിയോയെയോ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തില്ലെന്ന‌് കമ്മീഷൻ കണ്ടെത്തി. വാർത്ത ഏജൻസി നൽകിയ വീഡിയോയാണ് ദൂരദർശൻ നൽകിയത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള പരാമർശങ്ങളോ പ്രഖ്യാപനങ്ങളോ പ്രധാനമന്ത്രി നടത്തിയില്ലെന്നും കമ്മീഷൻ വിലയിരുത്തി.

ബുധനാഴ്ച്ച രാവിലെയോടെയാണ് നിര്‍ണായക വിവരം അറിയിക്കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന്  പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്.പിന്നാലെ ബഹിരാകാശത്തെ ലക്ഷ്യത്തെ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തെന്ന വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. 

സാധാരണഗതിയില്‍ ഡിആര്‍ഡിഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് സീതാറാം യച്ചൂരിയുടെ പരാതിയില്‍ പറയുന്നു. ബിജെപിയുടെ മുങ്ങുന്ന കപ്പൽ രക്ഷിക്കാൻ ശാസ്ത്രജ്ഞരുടെ നേട്ടം മോദി ഉപയോഗിച്ചെന്നായിരുന്നു തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ആക്ഷേപം.