തിരുവനന്തപുരം:  വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എട്ടി  ആറ് മണ്ഡലങ്ങളിലും യുഡിഎഫ് നേടുമെന്നും മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പറയുന്നു.

പാലക്കാടും കോഴിക്കോടും മാത്രമാണ് എല്‍ഡിഎഫിന് ലഭിക്കുകയെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു. പാലക്കാട് 41 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിക്കുന്നതെങ്കില്‍ 29 ശതമാനം വോട്ടുകള്‍ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പറയുന്നു. അങ്ങനെയെങ്കില്‍ പാലക്കാട് ആദ്യമായിട്ടായിരിക്കും ബിജെപി രണ്ടാം സ്ഥാനത്ത് എത്തുക.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡലമാണ് വടകര. സിപിഎമ്മിന്‍റെ ശക്തനായ സ്ഥാനാര്‍ത്ഥി പി ജയരാജനും കോണ്‍ഗ്രസിന്‍റെ ശക്തനായ സ്ഥാനാര്‍ത്ഥി കെ മുരളീധരനും തമ്മിലായിരുന്നു വടകരയിലെ പ്രധാന മത്സരം

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി  കെ മുരളീധരന്‍ വിജയിക്കുമെന്നാണ് സര്‍വേ പ്രവചനം.  47 ശതമാനം വോട്ടുകള്‍ മുരളീധരന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍  42 ശതമാനം വോട്ടുകളാണ് ജയരാജന് ലഭിക്കുക. എന്‍ഡിഎയുടെ വികെ സജീവന് ഒമ്പത് ശതമാനം വോട്ട് മാത്രമാണ് ലഭിക്കുകയെന്നും സര്‍വേ ഫലം പറയുന്നു.

അതേസമയം കണ്ണൂരില്‍ 43 ശതമാനം വോട്ട് നേടി കെ സുധാകരന്‍ ജയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിക്ക് 41 ശതമാനവും എന്‍ഡിഎയുടെ സികെ പത്മനാഭന് 13 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വേ പറയുന്നു. 

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫിന് 46 ശതമാനം വോട്ടുകള്‍ നേടും. എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍  33 ശതമാനം  വോട്ടുകള്‍ നേടും, ബിജെപിയുടെ രവീശതന്ത്രി കുണ്ടാര്‍ 18 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.