വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു

വയനാട്: മാവോയിസ്റ്റ് ഭീഷണി ഭയക്കുന്നില്ലെന്ന് വയനാട് ലോക്സഭാ മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി പി പി സുനീര്‍. സുരക്ഷാ ഉദ്യോഗസ്ഥനെ ആവശ്യമില്ലെന്ന് അറിയിച്ചതായും സുനീര്‍ പറഞ്ഞു. വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ജില്ലയില്‍ സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പലയിടത്തും പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാവോയിസ്റ്റ് മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതിനിടയിലാണ് സ്ഥാനാര്‍ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്.