ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല . വിശ്വാസത്തിന്‍റെ പേരിൽ വോട്ടുപിടിക്കാൻ ആർക്കാണ് അവകാശമെന്നത് വിശ്വാസി സമൂഹം തീരുമാനിക്കുമെന്ന് എൻഎസ്എസ്. 

കോട്ടയം: ലോക് സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാടാണെങ്കിലും വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എൻഎസ്എസ്. ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കോൺഗ്രസും കണ്ടുവെന്നും എൻ എസ് എസ് മുഖപത്രമായ സർവ്വീസിലെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു .

ശബരിമലയിൽ നിയമനടപടിയെടുക്കാതെ പ്രക്ഷോഭത്തിനിറങ്ങിയ ബി ജെ പിയേയും മുഖപ്രസംഗം വിമർശിക്കുന്നുണ്ട് . ഈശ്വര വിശ്വാസവും ആചാരാനുഷ്ടാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല . വിശ്വാസത്തിന്‍റെ പേരിൽ വോട്ടുപിടിക്കാൻ ആർക്കാണ് അവകാശമെന്നത് വിശ്വാസി സമൂഹം തീരുമാനിക്കുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

അതേ സമയം എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിന് മാവേലിക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിനെക്കുറിച്ച് മുഖ പ്രസംഗത്തിൽ വിശദീകരണമില്ല.