Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രധാനമന്ത്രിക്കെതിരായ പരാതി മാത്രം കാണാനില്ല; സാങ്കേതിക പിഴവെന്ന് കമ്മീഷന്‍

 ലാത്തൂരിലെ പ്രസംഗത്തിന് ശേഷവും നിരവധി വേദികളില്‍ സൈന്യത്തെ വോട്ടിനായി നരേന്ദ്രമോദി ഉപയോഗിച്ചെന്നും രണ്ടാഴ്ച കഴിഞ്ഞിട്ടും കമ്മീഷന്‍ ഈ പരാതിമാത്രം പഠിച്ച് കഴിഞ്ഞില്ലേയെന്നും പ്രതിപക്ഷം ചോദിക്കുന്നു. 

on complaints against prime minister on the Election Commission s website
Author
Delhi, First Published Apr 26, 2019, 7:06 AM IST

ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം നടത്തിയ 426 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ ലഭിച്ചത്. എന്നാല്‍ ഇതില്‍ കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി മാത്രം കണാനില്ല. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയാണ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. 

സൈന്യത്തെയോ സൈനീക നീക്കങ്ങളെയോ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ താക്കീതുണ്ടായിരുന്നു. എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്കും ബലാക്കോട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനീകര്‍ക്കും ഇത്തവണത്തെ വോട്ട് സമര്‍പ്പിക്കണമെന്ന് മോദി ലാത്തൂരില്‍ പ്രസംഗിച്ചിരുന്നു. ഇത് സംബന്ധിച്ച് കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിങ്ങാണ് ഏപ്രില്‍ 9 ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കമ്മീഷന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

എന്നാല്‍ ഈ പരാതി പരിഹരിച്ചുവെന്നാണ് തനിക്ക് പിന്നീട് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്ന് കിട്ടിയ മറുപടിയെന്നാണ് മഹേന്ദ്ര സിങ്ങ് പറയുന്നത്. തുടര്‍ന്ന് കമ്മീഷനുമായി ബന്ധപ്പെട്ടപ്പോള്‍ പരാതി പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് പ്രധാനമന്ത്രിക്കെതിരായ പരാതി വൈബ് സൈറ്റില്‍ നിന്ന് കാണാതായതെന്നും പരാതി ഇപ്പോഴും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലുണ്ടെന്നും മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നുമായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസില്‍ നിന്നും അറിയിച്ചത്. എന്നാല്‍ ലാത്തൂരിലെ പ്രസംഗത്തിന് ശേഷവും നിരവധി വേദികളില്‍ സൈന്യത്തെ വോട്ടിനായി നരേന്ദ്രമോദി ഉപയോഗിച്ചെന്നും രണ്ടാഴ്ച കഴിഞ്ഞിട്ടും കമ്മീഷന്‍ ഈ പരാതിമാത്രം പഠിച്ച് കഴിഞ്ഞില്ലേയെന്നും പ്രതിപക്ഷം ചോദിക്കുന്നു. 

Follow Us:
Download App:
  • android
  • ios