ദില്ലി: സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മത്സരിക്കേണ്ടതില്ലെന്ന് ദില്ലിയിൽ നടക്കുന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റിയിൽ ധാരണ. പത്തനംതിട്ട ഇടുക്കി മണ്ഡലങ്ങളിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന എ ഗ്രൂപ്പ് നിലപാടിന് ഒപ്പമാണ് സ്ക്രീനിംഗ് കമ്മിറ്റിയിലും ധാരണയുണ്ടായത്. ഇതോടെ ഈ രണ്ട് നേതാക്കൾ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കാനുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. 

കെ സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാനാണ് ധാരണ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമാണ് സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ടായത്. മുല്ലപ്പള്ളി മാറി നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ കോൺഗ്രസ് പിന്തുണയോടെ ആര്‍എംപി നേതാവ് കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ശക്തമായ അഭിപ്രായവും സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ടായി. 
ആറ്റിങ്ങലിനൊപ്പം ആലപ്പുഴയിലേക്കും പരിഗണനാ പട്ടികയിൽ ഒന്നാമത് അടൂര്‍ പ്രകാശ് എംഎൽഎയുടെ പേരാണ്. പത്തനംതിട്ടയിൽ ആന്റോആന്റണിയെ തന്നെ മത്സരിപ്പിക്കണമെന്ന് ചര്‍ച്ച വന്നെങ്കിലും  വിജയസധ്യതയാകണം മാനദണ്ഡം എന്ന അഭിപ്രായവുമായി പിജെ കുരിയൻ അടക്കം രംഗത്തെത്തിയിട്ടുണ്ട്. 

തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഉടനൊരു ധാരണ  ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നില്ല. അന്തിമ പട്ടികയ്ക്ക് ഈ മാസം 20 വരെ എങ്കിലും കാക്കേണ്ടിവരുമെന്നാണ് ദില്ലി വര്‍ത്തമാനം.