വയനാട് സീറ്റ് തര്‍ക്കത്തെ കുറിച്ച് പ്രതികരിക്കാൻ ഉമ്മൻചാണ്ടി തയ്യാറായില്ല. ദില്ലിയിൽ വന്നത് ആന്ധ്ര സീറ്റ് ചര്‍ച്ചക്ക് വേണ്ടിയെന്ന് വിശദീകരണം.

ദില്ലി: എ ഐ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ വയനാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ ഉമ്മൻചാണ്ടി. വയനാട് സീറ്റിൽ തീരുമാനം ഉണ്ടാകുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ഉമ്മൻചാണ്ടി തയ്യാറായില്ല. ആന്ധ്ര ചര്‍ച്ചകൾക്ക് വേണ്ടിയാണ് ദില്ലിയിലെത്തിയതെന്നും മുഴുവൻ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഹൈക്കമാന്‍റുമായി ചര്‍ച്ച നടത്തിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം വയനാട് അടക്കം മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്. ടി സിദ്ദിഖിനെ വയനാട്ടിൽ മത്സരിപ്പിച്ചേ തീരു എന്ന ഉമ്മൻചാണ്ടിയുടെ കടുംപിടുത്തത്തിന് മുന്നിലാണ് അനുനയ ചര്‍ച്ചകളും തട്ടി നിൽക്കുന്നത്. 

ആന്ധ്ര ചര്‍ച്ച കഴിഞ്ഞിറങ്ങിയ ഉമ്മൻചാണ്ടി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി.