ദില്ലി: ഇവിഎമ്മുകൾ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങൾ വ്യാപകമായി ഉയരുന്നതിനിടെ 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകി. വിവിപാറ്റ് എണ്ണലിൽ എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

''കഴിഞ്ഞ ഒന്നരമാസമായി ഞങ്ങളീ ആവശ്യം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോട് എന്തുകൊണ്ടാണ് ‍ഞങ്ങളുടെ പരാതികൾ കേൾക്കാത്തതെന്ന് ഞങ്ങൾ ചോദിച്ചു. വിചിത്രമാണ്. ഒരു മണിക്കൂറോളം ഞങ്ങളുടെ പരാതികൾ കേട്ട ശേഷം വീണ്ടും നാളെ ഞങ്ങളെ കാണാമെന്നാണ് അവർ പറഞ്ഞത്'', കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‍വി പറഞ്ഞു. 

ജനവിധി ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കൾ മാർച്ച് നടത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയത്. 

യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകൾ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. യുപിയിലെ ചന്ദൗലിയിൽ സമാജ്‍വാദി പ്രവർത്തകർ നേരിട്ട് പകർത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളിൽ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകൾ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

എല്ലാ ഇടങ്ങളിലെയും ഇവിഎമ്മുകൾ കൃത്യമായ ചട്ടപ്രകാരം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ പ്രതികരണം. ആരോപണമുയർന്ന എല്ലാ ഇടങ്ങളിലും പോളിംഗ് സാമഗ്രികളും യന്ത്രങ്ങളും വിവിപാറ്റുകളും കൃത്യമായി എല്ലാ പാർട്ടി പ്രതിനിധികളുടെയും മുന്നിൽ വച്ച് സീൽ ചെയ്ത്, ആ ദൃശ്യങ്ങളെല്ലാം വീഡിയോയിൽ പകർത്തിയിട്ടുള്ളതുമാണ്. എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. കേന്ദ്രസേനയുടെ സംരക്ഷണവുമുണ്ട്. സ്ട്രോങ് റൂം നിരീക്ഷിക്കാൻ സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക് അവസരവുമുണ്ട്. - തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

നേരത്തേ തന്നെ ഇവിഎമ്മുകൾക്കെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. രണ്ട് തവണ 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അഞ്ച് ശതമാനം വിവിപാറ്റുകൾ മാത്രം എണ്ണിയാൽ മതിയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. 

കോൺഗ്രസിന്‍റെ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, അഭിഷേക് മനു സിംഗ്‍വി, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഎസ്‍പിയുടെ സതീഷ് ചന്ദ്ര മിശ്ര, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‍രിവാൾ, ടിഎംസിയുടെ ഡെറക് ഒബ്രയൻ, എസ്‍പി നേതാവ് രാംഗോപാൽ യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, ആർജെഡി മനോജ് ഷാ, എൻസിപി നേതാവ് മജീദ് മേമൺ, എൻസി ദേവീന്ദർ റാണ എന്നിവരാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തത്. 

''വിവിപാറ്റുകളും വോട്ടുകളും തമ്മിൽ വ്യത്യാസം വന്നാൽ വീണ്ടും എണ്ണിനോക്കാമെന്നല്ലാതെ എന്ത് ചെയ്യണമെന്ന ഒരു ധാരണയും തെരഞ്ഞെടുപ്പ് കമ്മീഷനില്ല. ഇതിന്‍റെ കൃത്യത ഉറപ്പാക്കാനാണ് വിവിപാറ്റുകളിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്"', സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Read More: ഇവിഎമ്മുകൾ സുരക്ഷയില്ലാതെ കടത്തുന്ന വീഡിയോകൾ പുറത്ത്, നിഷേധിച്ച് തെര. കമ്മീഷൻ

എന്താണ് വിവിപാറ്റ്?

വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോ​ഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്. വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാ​രപ്രദമാണ്. 

വിവിപാറ്റുകളുടെ പ്രവര്‍ത്തന രീതി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്പോള്‍ അത് വിവിപാറ്റിലും രേഖപ്പെടുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാണ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്‍റ് സമയം നൽകും. 

എന്നാൽ ആ രസീതുകൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. അതത് ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടികളിൽ രസീതുകൾ നിക്ഷേപിക്കണം. ഇത്തരത്തിൽ പേപ്പർ രസീതുകൾ ബോക്സുകളിൽ നിക്ഷേപിക്കുന്നത് കൊണ്ട് വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ ഇവ എണ്ണാൻ സാധിക്കും. വിവിപാറ്റ് മെഷിനുകൾ വോട്ടര്‍മാർക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യയിൽ ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോ​ഗിച്ചത് 2013ൽ നാ​ഗാലാന്‍റിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്.

വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കും. അതിനാണ് വോട്ടർ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങൾ ഉപയോ​ഗിക്കുന്നത്. തങ്ങളുടെ വോട്ട് സ്ഥാനാർഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയെന്ന് അറിയാൻ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്.

വോട്ടർമാർ രേഖപ്പെടുത്തുന്ന വോട്ടുകൾ ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രത്തിൽ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന ഘട്ടത്തിൽ വിവിപാറ്റ് സംവിധാനം വളരെ ഉപകാ​രപ്രദമാണ്.

വിവിപാറ്റുകളുടെ പ്രവര്‍ത്തന രീതി ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്പോള്‍ അത് വിവിപാറ്റിലും രേഖപ്പെടുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റിൽനിന്ന് ഒരു കടലാണ് അച്ചടിച്ചു വരും. ആ പേപ്പർ രസീതുകളിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.

തുടർന്ന് വോട്ടർമാർക്ക് ആ പേപ്പർ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താം. ഇതിന് വോട്ടർമാർക്ക് ഏഴ് സെക്കന്‍റ് സമയം നൽകും. എന്നാൽ ആ രസീതുകൾ പോളിങ് ബൂത്തുകൾക്ക് പുറത്തേക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. അതത് ബൂത്തുകളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടികളിൽ രസീതുകൾ നിക്ഷേപിക്കണം.

ഇത്തരത്തിൽ പേപ്പർ രസീതുകൾ ബോക്സുകളിൽ നിക്ഷേപിക്കുന്നത് കൊണ്ട് വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ ഇവ എണ്ണാൻ സാധിക്കും. വിവിപാറ്റ് മെഷിനുകൾ വോട്ടര്‍മാർക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യയിൽ ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോ​ഗിച്ചത് 2013ൽ നാ​ഗാലാന്‍റിലെ ചീസെലി നിയമസഭാ മണ്ഡലത്തിലാണ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.