ദില്ലി: ജാതി പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ജനങ്ങളെല്ലാം മറവിരോഗം ബാധിച്ച മണ്ടന്മാരാണെന്നാണോ മോദിയുടെ വിചാരമെന്നാണ് ചിദംബരം ചോദിച്ചത്. 

കഴിഞ്ഞ ദിവസം കനൗജില്‍ തെര‍ഞ്ഞെടുപ്പ് റാലിക്കിടെയാണ് താനിതുവരെ ജാതി പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്ന്  മോദി അവകാശപ്പെട്ടത്. ഇത് വസ്തുതാവിരുദ്ധമാണെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ജാതി പറഞ്ഞ് വോട്ട് തേടി പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയാണ് നരേന്ദ്രമോദി. 2014ല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹം  പറഞ്ഞത് താന്‍ ഒരു ഒബിസിക്കാരനാണ് എന്നായിരുന്നു. ഇപ്പോള്‍ അദ്ദേഹം പറയുന്നത് തനിക്ക് ജാതിയില്ല എന്നാണെന്നും ചിദംബരം പരിഹസിച്ചു.

 'ഒരു ചായക്കച്ചവടക്കാരനെ പ്രധാനമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നു എന്ന് 2014ലും അതിനുശേഷവും മോദി പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. എന്നാലിപ്പോള്‍ അദ്ദേഹം പറയുന്നത് ചായക്കടക്കാരനായിരുന്നു എന്നത് താന്‍ പരാമര്‍ശിച്ചിട്ടേയില്ല എന്നാണ്. ജനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് വിചാരിച്ചിരിക്കുന്നത്? മറവിരോഗം ബാധിച്ച ഒരു കൂട്ടം മണ്ടന്മാരുടെ കൂട്ടമാണ് അതെന്നോ?' ചിദംബരം ട്വീറ്റ് ചെയ്തു.