സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് നേതാക്കളുടെ  താത്പര്യം നടക്കില്ലെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും കുര്യന്‍ പറഞ്ഞു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് പി ജെ കുര്യന്‍. ചെറുപ്പക്കാര്‍ക്കാണ് വിജയസാധ്യത എങ്കില്‍ അവര്‍ക്ക് സീറ്റ് നല്‍കണം. മുതിര്‍ന്നവര്‍ക്കാണ് വിജയസാധ്യത എങ്കില്‍ സീറ്റ് അവര്‍ക്ക് നല്‍കണമെന്നും ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പി ജെ കുര്യന്‍ പറഞ്ഞു. 

രണ്ടോ മൂന്നോ നേതാക്കള്‍ മത്സരത്തില്‍നിന്ന് പിന്മാറിയാല്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ദാരിദ്രമുണ്ടെന്ന് അര്‍ത്ഥമില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റും പിടിച്ചെടുക്കുന്ന തരത്തിലുളള ശക്തമായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും പി ജെ കുര്യന്‍ പറഞ്ഞു. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം നടക്കില്ലെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും കുര്യന്‍ പറഞ്ഞു. അതേസമയം താന്‍ മത്സരിക്കാനില്ലെന്നും ഇക്കാര്യം താന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കുര്യന്‍ വ്യക്തമാക്കി. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇതുവരെയും തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനുള്ള വിമുഖത അറിയിച്ച് കഴിഞ്ഞു. കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എ പി അനില്‍ കുമാര്‍, കെ സുധാകരന്‍, എന്നിവരടക്കം മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് സുധാകരന്‍ മത്സരിക്കുമെന്നാണ് ഒടുവിലത്തെ തീരുമാനം.