വടകരയിൽ എൽഡിഎഫിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കാൻ സാധ്യതയുണ്ട്. 91 ലെ കോലീബി സഖ്യം ആവർത്തിച്ചേക്കുമെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

വടകര: വടകരയില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യത്തിന് സാധ്യതയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍. വടകരയിൽ എൽ ഡി എഫിനെ എതിർക്കുന്നവരെല്ലാം ഒന്നിക്കാൻ സാധ്യതയുണ്ട്. 91 ലെ കോലീബി സഖ്യം ആവർത്തിച്ചേക്കുമെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. എല്‍ഡിഎഫ് അതെല്ലാം നേരിടുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വടകരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് കെ മുരളീധരനെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം. യുഡിഎഫിനും എൻഡിഎയ്ക്കും ഒരു സ്ഥാനാർത്ഥി ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. വടകരയിൽ എതിർ സ്ഥാനാർത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജന്‍ പറഞ്ഞു. 

അതേസമയം മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ലെന്നും മത്സരം ആശയങ്ങളോടാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേത്. താന്‍ ജനാധിപത്യത്തിനൊപ്പവും ഇടതുമുന്നണി അക്രമരാഷ്ട്രീയത്തിനൊപ്പവുമാണെന്നും മുരളീധരന്‍ പറഞ്ഞു.