Asianet News MalayalamAsianet News Malayalam

അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം: പി കെ ബിജു

'എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ എന്‍റെ അച്ഛൻ മാത്രമായിരുന്നു. പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ'

p k biju facebook post
Author
Alathur, First Published Mar 27, 2019, 10:17 PM IST


ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റെ  വേറിട്ട പ്രചാരണ ശൈലിയെ അദ്ധ്യാപിക ദീപ നിശാന്ത് വിമര്‍ശിച്ചതിന് പിന്നാലെ എംഎല്‍എ അനില്‍ അക്കര ദീപ നിശാന്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ മികച്ച എംപിയുടെ വക്താവാണ് ദീപാ നിശാന്തെന്ന് കഴിഞ്ഞ ദിവസത്തെ ശ്രദ്ധക്ഷണിക്കലിലൂടെ മനസ്സിലായി. ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു ഡോക്ടറേറ്റ് നേടിയത് കോപ്പിയടിച്ചാണോ എന്ന് പരിഹാസ ചോദ്യം അനില്‍ അക്കര എംഎല്‍എ ചോദിച്ചിരുന്നു.

പാടത്ത് പണിയെടുത്ത് കിട്ടുന്ന പൈസകൊണ്ട് തന്‍റെ വിദ്യാഭ്യാസം നടത്തിയ അച്ഛനെക്കുറിച്ചും വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ചും പി കെ ബിജു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.  നെന്മാറയില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോള്‍ ടൗണില്‍ ചെരുപ്പ് തുന്നുന്ന കുമാരേട്ടന്‍ ചോദിച്ചത് പഠനത്തെക്കുറിച്ചാണെന്നും മകളെ ഡോക്‍ടറേറ്റ് എടുപ്പിക്കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം തന്നോട് പങ്കുവെച്ചതായും പി കെ ബിജു പറയുന്നു. എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ എന്‍റെ അച്ഛൻ മാത്രമായിരുന്നു. പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ. ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്. ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസമെന്നും ബിജു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പി കെ ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം നെന്മാറയിൽ വോട്ടഭ്യർത്ഥനയുമായി ചെന്നപ്പോഴാണ് ടൗണിൽ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്. 
കൈ കൊടുത്തപ്പോൾ തന്നെ കുമാരേട്ടൻ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു. പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നൽകി.
എനിക്ക് ഒരു മകളുണ്ട്. അഖില എന്നാണ് പേര്. നിങ്ങൾ പഠിച്ച എം ജി യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പഠിക്കുന്നത്. നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം. മകളുടെ ടീച്ചർമാർ ബിജുവിനെ കുറിച്ച് പറയാറുണ്ട്. സഹായങ്ങൾ ചെയ്തു തരണമെന്നായി അദ്ദേഹം.

എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ എന്‍റെ അച്ഛൻ മാത്രമായിരുന്നു. മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിൽ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു. പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ. ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്.

ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം. പഠിച്ചു നേടിയതാണ്, പൊരുതി നേടിയതാണ്
തലമുറകൾ പകർന്നു നൽകിയതാണ്.അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം...

 


 

Follow Us:
Download App:
  • android
  • ios