ബെംഗളൂരു: ബെംഗളൂരുവിലും ശബരിമല ചര്‍ച്ചാ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയ്യപ്പന്റെയും ശബരിമലയുടെയും പേര് പറഞ്ഞാൽ കേരളത്തിൽ ജയിലിൽ അടയ്ക്കുന്ന സ്ഥിതിയാണുള്ളത്. ഇപ്പോൾ താൻ സൈന്യത്തിന്റെ പേരും ഉച്ചരിക്കരുതെന്നാണ് കോൺഗ്രസ്‌  പറയുന്നതെന്ന് മോദി പറഞ്ഞു.

സൈനികർക്കായി ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയതും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകിയതും തന്റെ നേട്ടമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലീം ലീഗും ചേർന്ന് ശബരിമല വിഷയത്തിൽ അപകടകരമായ കളിയാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശ്വാസത്തെയും ആചാരങ്ങളെയും തകർക്കാനുള്ള ശ്രമം ബിജെപി ഉള്ളിടത്തോളം കാലം നടക്കില്ലെന്ന് രാമനാഥപുരത്തെ പ്രചാരണത്തിനിടെ മോദി പറഞ്ഞു.

കേരളത്തിൽ അയ്യപ്പന്‍റെ പേര് പറയാൻ പറ്റാത്ത അവസ്ഥയെന്ന് മോദി മംഗലാപുരം റാലിയിൽ ആരോപിച്ചു. ശബരിമല വിഷയത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയിലിൽ കിടക്കേണ്ടി വന്നെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.