എതിരാളികളിൽ ഒരാൾ എംപിയാണ്, ഒരാൾ എംഎൽഎയാണ്. അവർക്ക് എന്ത് ചെയ്യാനാകും എന്ന് അവരാണ് വിശദീകരിക്കേണ്ടത്. തനിക്ക് എന്ത് ചെയ്യാനാകും എന്നാണ് ജനങ്ങളോട് പറഞ്ഞതെന്ന് പി രാജീവ്

എറണാകുളം: ഒന്നര മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരിക്കൽപ്പോലും എതിരാളികളെപ്പറ്റി താൻ പരാമർശിച്ചിട്ടില്ലെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി രാജീവ്. എതിരാളികളിൽ ഒരാൾ എംപിയാണ്, ഒരാൾ എംഎൽഎയാണ്. അവർക്ക് എന്ത് ചെയ്യാനാകും എന്ന് അവരാണ് വിശദീകരിക്കേണ്ടത്. തനിക്ക് എന്ത് ചെയ്യാനാകും എന്നാണ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ താൻ ജനങ്ങളോട് ചോദിച്ചതെന്ന് പി രാജീവ് പറഞ്ഞു. അതിന് വലിയ പ്രതികരണമാണ് കിട്ടിയത്. തുടർന്ന് തനിക്ക് എന്ത് ചെയ്യാനാകും എന്ന് ജനങ്ങളോട് വിശദീകരിച്ചു. എല്ലാ അഭിപ്രായങ്ങളും ചേർത്തുവച്ചപ്പോൾ പ്രചാരണത്തിന്‍റെ അവസാന ഘട്ടമായപ്പോഴേക്കും 'നമുക്ക് എന്ത് ചെയ്യാനാകും' എന്ന തരത്തിലേക്ക് ആ ആശയം വളർന്നുവെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജാതി, മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് ഇടതുപക്ഷത്തിന് എറണാകുളം മണ്ഡലത്തിൽ കിട്ടിയതെന്ന് പി രാജീവ് പറഞ്ഞു. മുന്നണിയുടെ സ്ഥാനാർത്ഥിയായി ആണ് താൻ പ്രചാരണം തുടങ്ങിയത്. എന്നാൽ പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ ജനങ്ങളുടെ സ്ഥാനാർത്ഥിയായി മാറി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ, ഞങ്ങൾ വോട്ട് ചെയ്തതല്ലേ, നിങ്ങൾ എന്ത് ചെയ്തുവെന്ന് ആരും ചോദിക്കില്ല. പക്ഷേ ആ ഘട്ടത്തിലും ജനങ്ങൾക്കൊപ്പം നിന്നാണ് താൻ പ്രവർത്തിച്ചതെന്ന് പി രാജീവ് പറഞ്ഞു. ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ തന്‍റെ ഉത്തരവാദിത്തം വർദ്ധിക്കുകയാണ്. തനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ടാകും. പക്ഷേ വികസനകാര്യത്തിൽ രാഷ്ട്രീയ വ്യത്യാസം കാണിക്കില്ല. നാടിനെ മാറ്റിത്തീർക്കണം, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തണം എന്നതിനാകും പരിഗണന നൽകുകയെന്നും വിജയിക്കും എന്ന കാര്യത്തിൽ തിക‌ഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്നും പി രാജീവ് പറഞ്ഞു.