തിരുവനന്തപുരം: കേരളത്തില്‍ ശബരിമല വിഷയം കോൺഗ്രസിനനുകൂലമായി വോട്ടായോ എന്ന് പരിശോധിക്കുമെന്ന് ബിജെപി പ്രസിഡന്‍റ് പി എസ് ശ്രീധരൻപിള്ള. ശബരിമല വിഷയം ഏങ്ങിനെ പ്രതിഫലിച്ചുവെന്ന് കൂടുതൽ പഠിക്കണം. ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനാകാത്ത സാഹചര്യം പരിശോധിക്കട്ടേ എന്നും എന്നാല്‍ ജയിക്കാനായില്ലെങ്കിലും വോട്ട് ഷെയർ കൂടിയത് നേട്ടം തന്നെയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

വിജയപ്രതീക്ഷ എല്ലാ തെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടാവും. മുൻ കാലങ്ങളിലും വിജയം പ്രതീക്ഷിച്ചിരുന്നു. ബിജെപിയെ പോലൊരു പാര്‍ട്ടി മെല്ലെ മെല്ലെ വളര്‍ന്ന് വരികയാണ്. അവിടെ പാളിച്ച ഉണ്ടായതായി കരുതുന്നില്ല. കേരളത്തിലെ ബിജെപിക്ക് ഏറ്റവുമധികം വോട്ട് കിട്ടിയത് ഈ തെരഞ്ഞെടുപ്പിലാണ്. 10 ശതമാനം വോട്ടാണ് 2014 ല്‍ ബിജെപിക്ക് കേരളത്തില്‍ ലഭിച്ചത്. അതില്‍ 50 മുതല്‍ 60 ശതമാനം വരെയുള്ള വര്‍ദ്ധനവ് ഇന്ന് ഉണ്ടായിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. 

പൂര്‍ണ്ണമായ ഫലം പുറത്തുവന്നാല്‍ വിശദമായി പരിശോധിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ജനങ്ങളിലേക്ക് അവതരിപ്പിക്കും. മലയാളികള്‍ കൂടുതലായും മോദിക്കായി വോട്ട് ചെയ്തത് നല്ലകാര്യമാണ്. അവരെ നന്ദി പൂര്‍വ്വം സ്മരിക്കുന്നു. അവര്‍ക്ക് വേണ്ടി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കും. ഒരു ശക്തമായ ബദലായി കേരളത്തില്‍ മാറാന്‍ ബിജെപിക്ക് മാത്രമേ ആകൂ എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. 

കമ്മ്യൂണിസ്റ്റ് പാർട്ടികൾ തിരോധാനം ചെയ്യപ്പെട്ടു കഴിഞ്ഞു. എന്ത് കൊണ്ട് തോറ്റെന്ന് സി പി എം വിശദീകരിക്കണം. മൂന്ന് സീറ്റെന്ന നിലയില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് സിപിഎമ്മും സിപിഐയും എത്തി. യുഡിഎഫ് വർഗീയ പ്രീണനം നടത്തിയാണ് എന്നും ജയിച്ചിട്ടുള്ളത്. ഇത്തവണയും അതില്‍ മാറ്റമില്ല. ദേശീയ രാഷ്ട്രീയത്തിന്‍റെ പുഴുക്കുത്ത് എന്നതിലപ്പുറം  കേരള രാഷ്ട്രീയത്തെ എത്തിച്ചതിന്‍റെ പാപം യുഡിഎഫിനാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. നരേന്ദ്രമോദിയായ മധ്യാഹ്ന സൂര്യന്‍ കത്തി നില്‍ക്കുകയാണ്. അതിനെ കൈപ്പത്തികൊണ്ട് തടയാന്‍ ശ്രമിക്കുന്നു. കുറേ നേരം കഴിഞ്ഞാല്‍ കൈ പൊള്ളും. ജനങ്ങള്‍ അത് തിരിച്ചറിയുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.