തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു പന്തളം രാജകുടുംബാംഗം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ പ്രവാസി നിവാസി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് പന്തളം കേരള വര്‍മ്മ രാജ പോരാട്ടം നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പന്തളം രാജകുടുംബാംഗമാണ് താനെന്ന് ഇടയ്ക്കിടയ്ക്ക് അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. കാടിളക്കിയുള്ള പ്രചാരണമായിരുന്നു കേരള വര്‍മ്മ രാജ നടത്തിയത്. പ്രചാരണ വാഹനങ്ങള്‍ നഗരത്തിലെമ്പാടും ചീറി പാഞ്ഞുകൊണ്ടേയിരുന്നു. വിജയിക്കുക എന്നതിനപ്പുറം പന്തളം രാജകുടുംബത്തിന്‍റെ കരുത്തുകാട്ടലായിരുന്നു പലപ്പോഴും അദ്ദേഹം ലക്ഷ്യമിട്ടത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ദയനീയ പരാജയമാണ് കേരള വര്‍മ്മ രാജയെ കാത്തിരുന്നതെന്ന് വ്യക്തമായി. എട്ടാം സ്ഥാനമാണ് പ്രവാസി നിവാസി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് നേടാനായത്. നോട്ടയ്ക്കും ബി എസ് പി സ്ഥാനാര്‍ത്ഥിക്കും പിന്നിലായാണ് കേരള വര്‍മ്മ രാജയ്ക്ക് ഇടംപിടിച്ചത്.

4553 വോട്ട് നേടിയ നോട്ടയാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലായി നാലാം സ്ഥാനം സ്വന്തമാക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി മിത്ര കുമാര്‍ അഞ്ചാം സ്ഥാനത്തും ബി എസ് പി സ്ഥാനാര്‍ത്ഥി കിരണ്‍ കുമാര്‍ ആറാം സ്ഥാനത്തും സ്വതന്ത്ര സ്വാനാര്‍ത്ഥി വിഷ്ണു എസ് അമ്പാടി ഏഴാ സ്ഥാനത്തും എത്തി. 1962 വോട്ട് നേടിയാണ് പന്തളം കുടുംബാംഗം എട്ടാം സ്ഥാനത്തെത്തിയത്.