പാരലിമ്പിക്‌സ് താരം ദീപ മാലിക് ബിജെപിയില്‍ ചേർന്നു. ബിജെപി ഹരിയാന ഘടകം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ദീപയുടെ ബിജെപി പ്രവേശനം

ദില്ലി‌: ഇന്ത്യയുടെ അഭിമാനമായ പാരലിമ്പിക്‌സ് താരം ദീപ മാലിക് ബിജെപിയില്‍ ചേർന്നു. ബിജെപി ഹരിയാന ഘടകം ചീഫ് സുബാഷ് ബരാല, ജനറൽ സെക്രട്ടറി അനിൽ‌ ജയ്ൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദീപയുടെ ബിജെപി പ്രവേശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദീപ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എല്ലാവര്‍ക്കും പ്രചോദനമാണ് ദീപയെന്നും രാജ്യത്തിന്റെ അഭിമാനം അവര്‍ ഉയര്‍ത്തിയെന്നും ജയിന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ സ്ഥാനാര്‍ഥികളെ ഇതുവരെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.

അംഗപരിമിതരുടെ ഒളിമ്പിക്‌സായ പാരാലിമ്പിക്‌സിൽ ചരിത്രം നേട്ടം കുറിച്ച ഇന്ത്യൻ കായിക താരമാണ് ദീപ മാലിക്. 2016ൽ ബ്രസീലില്‍ നടന്ന പാരലിമ്പിക്‌സിൽ ഷോട്ട്പുട്ടിൽ ദീപ വെള്ളി മെഡൽ നേടി. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദീപ. അര്‍ജുന അവാര്‍ഡ് ജേതാവായ ദീപ ഹരിയാന സ്വദേശിയാണ്.