കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടെ ഒരു മാതൃകാ ജനപ്രതിനിധി എന്ന നിലയില്‍ ശശി എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് ഞ‌ാന്‍ അടുത്ത് നിന്ന് കണ്ടതാണ്. ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുന്ന തരൂരിന് മണ്ഡ‍ലത്തില്‍ ശക്തമായ വേരുകളുണ്ട്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വോട്ട് ചെയ്യുമെന്ന് എഴുത്തുകാരന്‍ സക്കറിയ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് തരൂര്‍ ലോക്സഭയില്‍ എത്തേണ്ടതിന്‍റെ ആവശ്യകത സക്കറിയ പറയുന്നത്. 

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശശി തരൂരിന്‍റെ മണ്ഡലമായ തിരുവനന്തപുരത്താണ് ഞാന്‍ താമസിക്കുന്നത്. കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടെ ഒരു മാതൃകാ ജനപ്രതിനിധി എന്ന നിലയില്‍ ശശി എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് ഞ‌ാന്‍ അടുത്ത് നിന്ന് കണ്ടതാണ്. ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുന്ന തരൂരിന് മണ്ഡ‍ലത്തില്‍ ശക്തമായ വേരുകളുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയാണ് തരൂര്‍. ആഗോള തലത്തില്‍ പ്രശസ്തനായ ഒരു പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം ഒരു മികച്ച പാര്‍ലമെന്‍റേറിയന്‍ കൂടിയാണ്. അദ്ദേഹത്തെ പോലെ പ്രഗല്‍ഭനായ മറ്റൊരാളെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കണ്ടെത്താനാവില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തോടുള്ള യോജിപ്പ് കൊണ്ടല്ല ഞാന്‍ തരൂരിന് വോട്ടു ചെയ്യുന്നത് മറിച്ച് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിനും തിരുവന്തപുരം ലോക്സഭാ മണ്ഡലത്തിനും ഒരു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അരാഷ്ട്രീയതക്ക് അവസാനം വരുത്താനും പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് സാധിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതെല്ലാം ഇന്നിന്‍റെ ആവശ്യങ്ങളാണ്. കാരണം ഇതുവരെ കാണാത്ത പ്രതിസന്ധിയെ ആണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. മഹത്തായ ഈ രാഷ്ട്രത്തെ ഈ വിഭജന-കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും രക്ഷിക്കേണ്ടതുണ്ട്.