ദില്ലി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസം. ബാലകോട്ടിലെ ആക്രമണം തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണ് സാധ്യമായതെന്ന നിലയിൽ മോദി വിശദീകരിച്ച മേഘങ്ങളുമായി ബന്ധപ്പെട്ട പരാമർശം കേട്ട് വാ പൊളിച്ചിരിക്കുകയാണ് ജനങ്ങൾ. മോദിയുടെ പ്രസ്താവന ഉടൻ ട്വീറ്റ് ചെയ്ത ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ട് പിന്നീടിത് പിൻവലിച്ചു.

"അന്ന് രാത്രി ശക്തമായ മഴ പെയ്യുന്നു. നിറയെ കാര്‍മേഘങ്ങള്‍. പ്രതികൂല കാലാവസ്ഥയില്‍ ആക്രമണം മാറ്റിവെച്ചാലോ എന്ന്  വിദ്ഗദര്‍ ആലോചിച്ചു. ഞാന്‍ പറഞ്ഞു, ഇതാണ് പറ്റിയ അവസരം. ഈ മേഘങ്ങള്‍ മൂലം പാക് റഡാറുകള്‍ക്ക് നമ്മുടെ വിമാനങ്ങളെ കണ്ടെത്താനാവില്ല. ഇപ്പോള്‍ തന്നെ ആക്രമണം നടത്താന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കി," എന്നായിരുന്നു മോദി പറഞ്ഞത്. ന്യൂസ് നേഷൻ എന്ന ചാനലിന്‍റെ ക്യാമറകള്‍ക്കമുന്നിലായിരുന്നു മോദിയുടെ അവകാശവാദം.

ബിജെപി ഉടന്‍ ഇത് ട്വീറ്റ് ചെയ്തു . പിന്നീട് വിമർശനങ്ങളുടെയും ട്രോളുകളുടെയും കുത്തൊഴുക്കായിരുന്നു സമൂഹമാധ്യമങ്ങളിൽ കണ്ടത്. "റേഡിയോ തരംഗങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ക്ക് മേഘങ്ങള്‍ തടസ്സമല്ലെന്ന് വ്യോമസേനാ മേധാവിക്ക് അറിയാം. പാക് റഡാറുകള്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങളെ കണ്ടെത്തുകയും ചെയ്തു. നാല് വോട്ടിന് വേണ്ടി എന്തിനിങ്ങനെ അവകാശവാദം. മാത്രല്ല, മേഘങ്ങള്‍ മൂടിയത് മൂലം നാശനഷ്ടത്തിന്‍റെ കൃത്യമായ ദൃശ്യങ്ങള്‍ പകര്‍ത്താനും വ്യേമസേനക്ക് കഴിയാതെ പോയി," എന്ന് മുന്‍ നയതന്ത്രജ്ഞന് കെ സി സിംഗ് ട്വീറ്റ് ചെയ്തു.  

ഇന്ത്യൻ സേനകള്ക്ക് വിവരമില്ലെന്ന് ലോകത്തോട് വിളിച്ചു പറയുന്നത് പോലെയായി മോദിയുടെ വീരവാദമെന്ന് സീതാറാം യെച്ചൂരി തുറന്നടിച്ചു. വിമര്‍ശനം ഒരു വശത്ത് ശക്തമാകുമ്പോൾ മറുവശത്ത് ട്രോളന്മാർ ഈ അവസരം നന്നായി മുതലാക്കി. റഡാകളെ വെട്ടിച്ച് മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്താന്‍ മോദി പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന ചിത്രം ചിലർ പ്രചിരിപ്പിച്ചു. മോദിയും ഭാര്യയും തമ്മിലുള്ള ബന്ധം പോലെയാണ് മേഘങ്ങളും റഡാറുകളും തമ്മിലെന്നും ട്രോളുകളുണ്ടായി. 

നികുതിപ്പണം കൊള്ളയടിച്ച് വിദേശത്ത് കടന്ന വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ വെച്ചാണ് ചിലരുടെ ട്രോളുകള്‍. കൈയില്‍ മേഘങ്ങളെയും പിടിച്ച് വിദേശത്തേക്ക് പറക്കുകയാണ് ഒരു ട്രോളില്‍ വിജയ് മല്യ. എന്തായാലും വിമര്‍ശനങ്ങളും പരിഹാസങ്ങളും നിരഞ്ഞതോടെ അബദ്ധം പറ്റിയെന്ന് ബിജെപിക്കും ബോധ്യമായി. മോദിയുടെ വീരവാദം ഷെയര്‍ ചെയ്ത ട്വീറ്റ് ഇപ്പോള്‍ ബിജെപിയുടെ അക്കൗണ്ടില്  കാണാനില്ല. പക്ഷെ  അതിന്‍റെ സ്ക്രീന് ഷോട്ടുകള്  നാടു മുഴുവന് പറന്നു നടക്കുന്നു എന്ന് മാത്രം.  ഏഷ്യനെറ്റ് ന്യൂസ് ദില്ലി