കള്ളവോട്ട് ആരോപണം പച്ച നുണയെന്ന് സിപിഎം. ഓപ്പൺ വോട്ട് ചെയ്യാൻ വന്നവരെ കള്ളവോട്ട് ചെയ്തവരായി ചിത്രീകരിച്ചതാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. 

കണ്ണൂർ: കാസർകോട് നിയമസഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തെന്ന കോൺഗ്രസ് ആരോപണം നിഷേധിച്ച് സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് കാസ്റ്റിംഗിൽ നിന്ന് ദൃശ്യങ്ങൾ മുറിച്ചെടുത്ത് ഓപ്പൺ വോട്ട് ചെയ്തവരെ കള്ളവോട്ട് ചെയ്തവരായി കാണിച്ച് വളച്ചൊടിക്കുകയാണ് കോൺഗ്രസെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആരോപിച്ചു. കള്ളവോട്ട് ചെയ്തെന്ന് പ്രിസൈഡിംഗ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നിരിക്കെ പച്ച നുണ പ്രചരിപ്പിക്കുകയാണ് കോൺഗ്രസെന്നും എം വി ജയരാജൻ പറഞ്ഞു. 

സിപിഎം വിശദീകരണം ഇങ്ങനെ:

കള്ളവോട്ട് ചെയ്തതായി ദൃശ്യങ്ങളിലുള്ള ജി സുമയ്യ, പോളിംഗ് ഏജന്‍റ് കൂടിയാണ്. 24-ാം ബൂത്തിലെ വോട്ടറായ ജി സുമയ്യ, വോട്ട് ചെയ്ത ശേഷം 19-ാം ബൂത്തിലെത്തിയത് ഓപ്പൺ വോട്ട് ചെയ്യാനാണ്. ശാരീരികാവശതകളുള്ള ശാന്ത എന്ന സ്ത്രീയെ സഹായിക്കാനാണ് പോയത്. പോളിംഗ് ഏജന്‍റ് എന്ന പാസ്സ് സുമയ്യയുടെ കയ്യിലുണ്ട്. ഇടയ്ക്കിടെ സുമയ്യ പുറത്ത് പോകുന്നുണ്ടാകും. പകരം ഏജന്‍റിനെ ഇരുത്തുകയും ചെയ്യും. അങ്ങനെ സുമയ്യ അകത്തേക്ക് പോവുകയും പുറത്തേക്ക് വരികയും ചെയ്യുന്ന ദൃശ്യങ്ങളെടുത്താണ് സുമയ്യ കള്ളവോട്ട് ചെയ്തു എന്ന ആരോപണം ഉയർത്തിയിരിക്കുന്നത്. 

കല്യാശ്ശേരി മണ്ഡലത്തിൽ 19-ാം ബൂത്തിലെ മറ്റൊരു ഏജന്‍റാണ് എം കൃഷ്ണൻ. ഇദ്ദേഹം 189-ാം നമ്പർ വോട്ടറാണ്. കൃഷ്ണന്‍റെ ആവശ്യമനുസരിച്ചാണ് ഓപ്പൺ വോട്ട് ചെയ്തത്. കെ സി രഘുനാഥ് സ്ഥലത്ത് 994ാം നമ്പർ വോട്ടറായ ഡോ. കാർത്തികേയനെ വോട്ട് ചെയ്യാൻ കൊണ്ടുവന്നു. ഡോ. കാർത്തികേയന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറ്റുന്നില്ല. ഇത് പറയാൻ രഘുനാഥ് പ്രിസൈഡിംഗ് ഓഫീസറെ കാണാൻ വന്നു. പ്രിസൈഡിംഗ് ഓഫീസറെയും കൂട്ടി വന്ന് ശാരീരികാവശതയുണ്ടെന്ന് ബോധിപ്പിച്ച ശേഷമാണ് സഹായിയായ സുരേഷിനെ കൂട്ടി വോട്ട് ചെയ്യിച്ചത്. ഇതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയായിരുന്നു. 

കള്ളവോട്ട് ചെയ്തെന്ന ആരോപണം എന്നും ഉയർന്നിരിക്കുന്നത് കെ സുധാകരനെതിരായാണ്. സുധാകരൻ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ പോലെ ബഹളം വയ്ക്കുകയാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. സിപിഎം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എം വി ജയരാജൻ പറയുന്നു. 

കള്ളവോട്ട് ചെയ്തെന്നാരോപിക്കപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങൾ ഇവിടെ:

കള്ളവോട്ട് ആരോപണം ഇങ്ങനെ

കണ്ണൂർ ജില്ലയിലെ ചെറുതാഴം പ‌ഞ്ചായത്തംഗമായ സലീന സ്വന്തം ബൂത്തായ പതിനേഴാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം പത്തൊമ്പതാം നമ്പർ ബൂത്തിലെത്തിയും വോട്ട് ചെയ്തു. 24-ാം ബൂത്തിൽ വോട്ടുള്ള മുൻ പഞ്ചായത്തംഗം കെ പി സുമയ്യയും ഇതേ രീതിയിൽ വോട്ട് ചെയ്തു. കടന്നപ്പള്ളി പഞ്ചായത്തിലെ കൃഷ്ണൻ എന്നയാളും പത്മിനി എന്ന സ്ത്രീയും ദൃശ്യങ്ങളിലുണ്ട്.

പത്മിനിയാണ് പലതവണ വോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളിലുള്ളത്. ഇവർക്ക് ബൂത്തിൽ നിൽക്കുന്ന പ്രാദേശിക നേതാവ് തിരിച്ചറിയൽ കാർഡുകൾ നൽകുന്നതും വോട്ട് ചെയ്ത ശേഷം ഇവർ ഇവ തിരികെ നൽകുന്നതും കാണാം. ദൃശ്യങ്ങളിൽ ഉടനീളം ഇയാൾ ഇവിടെത്തന്നെ നിൽക്കുന്നതും കോൺഗ്രസ് ആരോപണത്തെ ബലപ്പെടുത്തുന്നു. 136-ാം ബൂത്തിൽ രഞ്ജിത്ത് എന്ന സിപിഎം പ്രവർത്തകൻ പല തവണകളിലായി വോട്ട് ചെയ്തതായും കോൺഗ്രസ് ദൃശ്യങ്ങൾ ചൂണ്ടി ആരോപിക്കുന്നു.